Followers

Tuesday, December 2, 2025

ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്ത്: ഇവിടെ സാഹിത്യം സ്പന്ദിക്കുന്നു

 

അഭിമുഖം 

എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ 
 
 
എം.കെ. ഹരികുമാറിൻ്റെ പുതിയ പുസ്തകമായ 'ബുദ്ധിസ്റ്റ് നീലാകാശങ്ങളെ ' മുൻനിറുത്തി ഒരു സംഭാഷണം .
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap

 


 

 ഇന്ന് മലയാളത്തിലെ ഏറ്റവും ശക്തനായ സാഹിത്യവിമർശകൻ എം.കെ.ഹരികുമാറാണ്. വിമർശനത്തിൻ്റെ വിവിധ മേഖലകളിൽ ഒരേ പോലെ പ്രാഗത്ഭ്യം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഥ ,കവിത ,വിമർശനം ,തത്വചിന്ത ,നോവൽ ,സിദ്ധാന്തം ,കല ,വേദാന്തം  തുടങ്ങിയ മേഖലകളുടെയാകെ വിമർശകനാണ് അദ്ദേഹം. സംവേദനാത്മക വിമർശനം ,സ്യൂഡോ റിയലിസം ,ഉത്തര- ഉത്തരാധുനികത തുടങ്ങിയ സിദ്ധാന്തങ്ങൾ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്.  ഇതിനു പുറമെയാണ് ആനുകാലിക സാഹിത്യ ,സാംസ്കാരിക സംഭവങ്ങളുടെ അവലോകനവും വിമർശനവും കൊണ്ട് ഇന്ത്യയിൽ തന്നെ താരതമ്യമില്ലാത്ത അക്ഷരജാലകം  എന്ന  പംക്തിയിലൂടെ കൂടുതൽ ശ്രദ്ധാലുക്കളായ വായനക്കാരെ ആകർഷിച്ചിരിക്കുന്നത്. അനുധാവനം എന്ന പംക്തിയും സമാനതകളില്ലാത്തതാണ്. 

മലയാളവിമർശനത്തിൽ തത്വചിന്തയുടെയും കലയുടെയും സമന്വയത്തിലൂടെ എം.കെ .ഹരികുമാർ അവതരിപ്പിക്കുന്ന മൗലികവും സർഗാത്മകവുമായ സ്വരം വേറിട്ട് കേൾപ്പിക്കുന്ന ഗ്രന്ഥമാണ് 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'.
അപൂർവമായി മാത്രം സംഭവിക്കുന്ന കൃതിയാണിത്. സാഹിത്യത്തിൻ്റെ  ആത്മാവ് ഇവിടെ സ്പന്ദിക്കുകയാണ്.  യാതൊന്നും അന്യമല്ലെന്ന അറിവ് നമ്മെ ചൂഴുന്നു. ഭാഷയിൽ നവീനവിമർശനത്തിന്റെ സിദ്ധാന്തത്തിനും കലയ്ക്കും ഹരികുമാർ നൽകുന്ന ദിശാസൂചിയായ സംഭാവനകളെക്കുറിച്ചും മലയാളവിമർശനത്തിന്റെ ബഹുസ്വരങ്ങൾക്കിടയിൽ സ്വന്തം ഭാവുകത്വം സൃഷ്ടിച്ചതിനെക്കുറിച്ചും  ഹരികുമാർ ഇവിടെ സംസാരിക്കുന്നു.എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന പ്രതിവാര സാഹിത്യപംക്തി ഇരുപത്തിയേഴ് വർഷം പിന്നിട്ടിരിക്കുന്നു. വായനക്കാർ കാത്തിരുന്ന് വായിക്കുന്ന അക്ഷരങ്ങൾ .ഇത്രയും കാലമായി തുടരുന്ന ഒരു സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ വാർത്തമാനകാലത്ത് മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ തിളങ്ങുന്ന ഹരികുമാർ സാഹിത്യവിമർശകനെന്ന നിലയിൽ  സൈദ്ധാന്തികനും കലാകാരനുമാണ്. നവാദ്വൈതം, ഉത്തര- ഉത്തരാധുനികത ,സ്യൂഡോറിയലിസം ,തനിമനസ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ഹരികുമാർ തൻ്റെ വിമർശനസമീപനങ്ങൾക്ക് പുതിയ ഉള്ളടക്കവും അടിത്തറയും സൃഷ്ടിച്ചുകഴിഞ്ഞു.പുതിയ വിമർശനത്തിന്റെ ആവിഷ്കർത്താവായി മാറിയ അദ്ദേഹം, 1984 ൽ എഴുതിയ 'ആത്മായനങ്ങളുടെ ഖസാക്ക് 'വിമർശനത്തെ കവിതയിലേക്കും കലയിലേക്കും ഉയർത്തുകയായിരുന്നു.

ചോദ്യം: 'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' എന്ന പേര് എങ്ങനെയാണ് കണ്ടെത്തിയത് ?

എം.കെ.ഹരികുമാർ :വിയറ്റ്നാമീസ് സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു ലേഖനമെഴുതുന്നത് ഞാനാണ്. ആ ലേഖനത്തിന് നല്കിയ പേരാണിത്. ഒരു ബുദ്ധിസ്റ്റ് തന്നിലേക്ക് തന്നെ ചൂഴ്ന്നിറങ്ങി സകലതിനെയും അതിൽ ലയിപ്പിക്കുന്നു. ഏതൊരു വസ്തുവിലും കാമിക്കാത്തതും  ആഗ്രഹിക്കാത്തതുമായ തലമുണ്ട്. അത് അസ്തിത്വത്തിന്റെ ഏറ്റവും ലളിതമായ ഒരു സാന്നിധ്യമാണ്. ഒരു ചെടി പോലെ നിസ്സംഗവും  നിസ്വാർത്ഥവുമാകുന്നതിന്റെ കലയാണത് .നീലാകാശത്തിന് പോലും ഒരു ബുദ്ധഭാവമുണ്ട്. അത് നിത്യമായ ഉൾപ്രകമ്പനങ്ങളിലാണ്.

ചോദ്യം: ആമുഖത്തിൽ താങ്കൾ എഴുതി: 'ഇവിടെ ഭാഷ ശലഭങ്ങളുടെ പറക്കൽ പോലെയോ ജലോപരിതലത്തിലേക്ക് പരൽമീനുകൾ കുതിച്ചുയരുന്ന പോലെയോ എനിക്കനുഭവപ്പെട്ടു'എന്ന് ?

എം.കെ.ഹരികുമാർ: ഭാഷ ഒരു കാര്യം പറയാനുള്ള ഏറ്റവും മിനിമം പരിപാടിയായി കാണരുത്. ഭാഷ പറയുന്നതിനും അപ്പുറമാണ്. പലതും നാം പറയുന്നുണ്ടെങ്കിലും അപ്പോഴെല്ലാം പറയാത്തത് അവശേഷിക്കുന്നു. ഭാഷയ്ക്കൊരു ഭാഷയുണ്ട്. ഒരാൾ മണിക്കൂറുകൾ സംസാരിക്കുന്നുണ്ടെങ്കിലും ,അത് കഴിയുമ്പോൾ അയാൾ പറയാത്ത ഒരു ഭാഷ നമ്മളിൽ അവശേഷിപ്പിക്കും. ആ ഭാഷയാണ് നാം പരിശോധിക്കുന്നത്. അതിലാണ് നാം സത്യം അന്വേഷിക്കുന്നത്. അതുകൊണ്ട് ഭാഷ പ്രത്യക്ഷത്തിലുള്ള വാക്കുകൾ മാത്രമല്ല സങ്കൽപ്പത്തിലേക്ക് വരുന്ന വാക്കുകളുമാണ്. ഭാഷ, യഥാർത്ഥത്തിൽ ,അതിന് വെളിയിലാണ് അർത്ഥം തേടുന്നത്.
 


 

ചോദ്യം:മനുഷ്യാവസ്ഥയുടെ അഗാധമായ സത്യങ്ങൾ ഒരു നക്ഷത്രസമൂഹം എന്ന പോലെ കാണാറാകുന്നു എന്നെഴുതിയത് ഓർക്കുന്നു. അസ്തിത്വവ്യഥയാണോ ഉദ്ദേശിക്കുന്നത് ?

എം.കെ.ഹരികുമാർ: അസ്തിത്വവ്യഥ  എന്ന് കേൾക്കുമ്പോൾ തന്നെ മുൻവിധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യൻ സ്വയം തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ടവനാണ്. അതിൻ്റെ സംഘർഷത്തിൽ അവനെപ്പോഴും ദുഃഖിതനാണ്. ഇതാണ് സാമാന്യമായ അർത്ഥം. എന്നാൽ ഇതിനേക്കാൾ വിപുലമാണ് അർത്ഥം. ഒരു സ്കൂളിലും ഉൾപ്പെടാതെ ജീവിക്കുന്ന മനുഷ്യരുണ്ടിവിടെ .അവർ എല്ലാറ്റിലേക്കും നോക്കുകയാണ്, വെളിച്ചത്തിനുവേണ്ടി. എല്ലാ തുരങ്കവും ഇരുട്ടിൽ തന്നെ അവസാനിക്കുന്നു. കുറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ തിരിച്ചു പോരാനുള്ള വെമ്പലുണ്ടാവും. ഞാൻ ഒരു മതതത്വത്തിലോ തത്വചിന്തയിലോ ഒതുങ്ങുന്നില്ല. ഞാൻ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യുന്നില്ല. എല്ലാറ്റിലൂടെയും കടന്നുപോവുകയാണ്. പല സത്യങ്ങളുണ്ട് ,ആത്യന്തികസത്യം ചിലപ്പോഴൊക്കെ പ്രകാശിക്കും. തൊട്ടടുത്ത നിമിഷം അത് ഇരുളിൽ മായുന്നു .ജീവിതം ശരീരത്തിലാണ്. ചിലപ്പോളത് മനസ്സിലാണ്. ബുദ്ധിയിലും സ്വപ്നത്തിലും ജീവിക്കുന്നു. പ്രേമത്തിലും അകൽച്ചയിലും മറവിയിലും ജീവിക്കുന്നു.എല്ലാം കുറച്ചു നേരത്തേക്കെങ്കിലും സത്യമാണെന്ന് തോന്നിപ്പിക്കുന്നു. എല്ലാം കൈവിട്ടു കളയുമെന്ന് ഉറപ്പായാൽ സ്വന്തം അറിവുകളിലേക്കും ആശ്രയങ്ങളിലേക്കും മമതകളിലേക്കും  തിരിച്ചുവരാനാകും. പൊരുളുകൾ അവസാനിക്കുന്നില്ല .


 

ചോദ്യം: ഈ പുസ്തകത്തിൽ  മയിൽപീലിയെ കുറിച്ചും പുലിയുടെ വിഷാദത്തെ കുറിച്ചും ഓരോ ലേഖനം എഴുതിയിട്ടുണ്ട്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരം ലേഖനങ്ങൾ.ഇത് അറിയാത്ത മേഖലകളിലൂടെയുള്ള സാഹസികസഞ്ചാരം പോലെ തോന്നിച്ചു. എങ്ങനെയാണ് ഇത്തരം വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്?

എം.കെ.ഹരികുമാർ: ഒരു വസ്തുവിനെ സ്നേഹിക്കുമ്പോൾ അതിൻ്റെ തത്വചിന്തയുമുണ്ടാകും. മയിൽപീലി എന്നിൽ അറിയാത്ത ലോകത്തെ അറിയാനുള്ള ആഗ്രഹം ജനിപ്പിച്ചു.അത് ദുരൂഹതയുടെ നേർക്കുള്ള അമ്പെയ്ത്താണ്.പുലിയുടെ വിഷാദരോഗം ദൈവത്തിൻ്റെ ഒരു കെണിയാണെന്ന് മനസിലായി .ഓരോ ജീവിയും അവയുടെ പ്രകൃതിയിൽ സുസജ്ജവും സ്വയം സമ്പൂർണവുമാണെങ്കിലും അവയുടെ അതീതമായ അസ്തിത്വത്തിൽ തിരിച്ചടികളുടെയും മറുപടിയില്ലാത്ത ചോദ്യങ്ങളുടെയും അസ്തിത്വത്തിൽ അസ്വതന്ത്രമാണ്. 
പുലി തൻ്റേതല്ലാത്ത ഒരു കൂട്ടിൽ അകപ്പെട്ടിരിക്കുന്നു. അവിടെ എത്തിപ്പെടാതെ പുലിയുടെ ജീവിതം പൂർണമാകുന്നില്ല.മനസ്സിലാക്കിയ കാര്യങ്ങൾ അല്ലേ മിക്കവരും എഴുതുന്നത്? അറിയാത്ത കാര്യങ്ങളിലേക്കാണ് നമ്മുടെ ശ്രദ്ധ  തിരിയേണ്ടത്. അത് നമ്മെ അലട്ടണം.    മയിൽപീലി ഒരു ലോകം തുറക്കുകയാണ്.പുലി സ്വയമറിയാതെ  ഒരു കൂട്ടിലകപ്പെട്ടിരിക്കുന്നു .

ചോദ്യം: മറ്റൊരു പ്രധാന ലേഖനം ദസ്തയെന്കിയെക്കുറിച്ചാണ്.പലരും  എഴുതിയ ലേഖനങ്ങളിൽ അദ്ദേഹത്തിൻ്റെ ചൂതുകളിയും  അന്നയുമായുള്ള ബന്ധവുമൊക്കെയാണ് വിവരിക്കുന്നത്. ചിലർ അദ്ദേഹം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതിനെപ്പറ്റിയാണ് എഴുതുക. എന്നാൽ താങ്കൾ അദ്ദേഹത്തിൻ്റെ ശരിയായ ആത്മീയപ്രതിസന്ധികൾ ദർശനികമായ ഉൾക്കാഴ്ചകൾ ,പരിവ്റാജകത്വം, ദൈവവുമായുള്ള സംഘർഷങ്ങൾ, ക്രിസ്തുവിനോടുള്ള പരാതി തുടങ്ങി വലിയ വിഷയങ്ങൾ അപഗ്രഥിക്കുന്നു.ഇതിലൂടെ താങ്കൾ സ്വയം അപഗ്രഥിക്കുകയാണോ ചെയ്യുന്നത്.? സ്വന്തം അസ്തിത്വപരമായ ആകുലതകളെ ഇതൾ വിടർത്തി  പരിശോധിക്കുകയാണോ?

എം.കെ.ഹരികുമാർ: തീർച്ചയായും സ്വയം അപഗ്രഥനമുണ്ട്. ഏതൊരു മൂല്യാന്വേഷണവും ചെന്നുചേരുന്നത് നമ്മളിൽ തന്നെയാണ് .നമ്മളിലില്ലാത്തത് നമുക്ക് കണ്ടെത്താനാവില്ല .എന്നിൽ ദസ്തയെവ്സ്കിയുണ്ടായിരുന്നു .അത് അനാവരണം ചെയ്യാൻ ശ്രമിക്കുകയാണ്. അത് എൻ്റെയുള്ളിലേക്കുള്ള നിരുപാധികമായ  യാത്രയായി തീരുന്നു. അവനവനിലേക്കുള്ള യാത്ര അഗാധഗർത്തത്തിനു മുകളിലുള്ള ഒരു ചരടിലെന്നപോലെയുള്ള സഞ്ചാരമാണ്. അത് സാഹസികമാണ്. സ്വന്തം ശരീരത്തിന്റെ ഓരോ അണുവിലുമുള്ള  അപസ്മാരവും ഭയവും അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയാണത്. സൂര്യനിൽ മുഴുവൻ ജീവിതവും അടങ്ങിയിട്ടുണ്ടെന്ന ദസ്തയെവ്സ്കിയുടെ വാക്യം എന്നിലേക്കുള്ള നോട്ടവുമാണ്.

ചോദ്യം: "മഹത്വം ഒരു അനുതാപരാഗമാണ്; അത് അപരത്വത്തെ ഇല്ലാതാക്കി മറ്റുള്ളവരുമായി കൂടിച്ചേരുന്നതിൻ്റെ സത്തയാണ് " എന്ന് താങ്കൾ എഴുതുന്നത് തീച്ച് നാത് ഹാനിനെപ്പറ്റിയുള്ള ലേഖനത്തിലാണ്. ബുദ്ധിസ്റ്റ് നീലാകാശങ്ങളെ വീക്ഷിക്കുന്നത് ഈ അനുതാപ രാഗമാണോ? 

എം.കെ.ഹരികുമാർ: മറ്റുള്ളവരിലാണ് നാം നമ്മെ അന്വേഷിക്കേണ്ടത്. സ്വന്തം മഹത്വം സ്വയം നിശ്ചയിക്കുന്ന രീതിയല്ല ഇത്. നാം മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിലാണ് മഹത്വം. അത് അനുതാപരാഗമാണ്. ലോകക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് മനുഷ്യരാശിയുടെ കണ്ണിയിൽ അണിചേരുന്നത് .തീച്ച് നാത് ഹാൻ  ബുദ്ധിസത്തെ തന്റേതായ രീതിയിൽ വികസിപ്പിക്കുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്തത്. ധ്യാനത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ മാറ്റാൻ സമയമായി എന്നാണ് ഈ ലേഖനത്തിൽ പറയാൻ ശ്രമിക്കുന്നത്.

ചോദ്യം: വളരെ പ്രധാനപ്പെട്ട ഒരു ലേഖനമാണ് ബൈബിളിലെ സഭാപ്രസംഗകനെക്കുറിച്ചുള്ളത്.  ഇതുപോലൊരു ലേഖനം മലയാളത്തിൽ ആദ്യമാണ്. ആധുനിക  പാശ്ചാത്യ സാഹിത്യത്തിൻ്റെ ഉറവിടം ആ പ്രസംഗകന്റെ വാക്കുകളിലാണെന്ന് താങ്കൾ അഭിപ്രായപ്പെടുന്നു .

എം.കെ.ഹരികുമാർ: സഭാപ്രസംഗകൻ  എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതുപോലെ സത്യം പറയാൻ വേറൊരു ദാർശനികനും കഴിയില്ല. മനുഷ്യജീവിതത്തെ ഇത്രയും നന്നായി മനസ്സിലാക്കിയവർ എത്ര പേരുണ്ട്? ജീവിതം അർത്ഥശൂന്യമാണെന്ന് പറയുന്നത് എത്ര യുക്തിഭദ്രമായാണ്! യാതൊന്നിനും ഒരു പുതുമയുമില്ല. എല്ലാം ആവർത്തനങ്ങൾ മാത്രമാണ്. സഭാപ്രസംഗകന്റെ ലോകം എനിക്ക് കഴിയുന്ന രീതിയിൽ അവലോകനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.സാഹിത്യകൃതികളിലൂടെ അവതരിപ്പിക്കപ്പെടുന്ന മനുഷ്യൻ എന്ന സങ്കല്പത്തെ അതെത്രമാത്രം  സ്വാധീനിച്ചിട്ടുണ്ടെന്ന് ആലോചിച്ചു.


 

ചോദ്യം: ജീവജാലങ്ങളുടെ പക്കലുള്ള കോഡ് ,പ്രിയപ്പെട്ട വസ്തുക്കൾ ആത്മഹത്യ ചെയ്യുന്നു എന്നിവ  പ്രപഞ്ചവും ഇതരജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്ന അസാധാരണ ലേഖനങ്ങളാണ്. ശരിക്കും ഒരു ദാർശനികന്റെ ലേഖനമാണത്. എല്ലാ തത്വസഹിതകൾക്കും അപ്പുറത്ത് മനുഷ്യൻ എന്താണെന്ന് ഇത് നിർവ്വചിക്കുന്നതായി തോന്നി. 

എം.കെ.ഹരികുമാർ: വസ്തുക്കളെ സ്നേഹിക്കുന്ന നാം പെട്ടെന്ന് തന്നെ പിന്മാറുകയാണ് ചെയ്യുന്നത്. കാരണം നമുക്ക് സ്നേഹവുമായി മുന്നോട്ടു പോകാനാവില്ല. അത് നമ്മുടെ ഹൃദയത്തിലെ തിന്മയുടെ ഫലമാണ്. എന്നാൽ ഒരു വസ്തു നമ്മുടെ സ്നേഹത്തിൻ്റെ ചുറ്റുവട്ടത്തിൽ വന്നാൽ അതിന് ജീവൻ വയ്ക്കുകയാണ് .സ്നേഹമില്ലാതായാൽ അത് മരിക്കും. ഇത് എത്രയോ കാലമായി അനുഭവിക്കുന്നതാണ്. നമ്മുടെ സ്നേഹം വളരെ പരിമിതവും രോഗഗ്രസ്തവുമാണ് .നമുക്ക് ഒന്നിനോടും മമതയില്ല. സകലതും രോഗത്താൽ പീഡിപ്പിക്കപ്പെടുകയാണ്. എങ്ങനെ തിന്മയിലേക്ക് പതിക്കാം എന്നാണ് ആലോചിക്കുന്നത്. ശരിയായ  ബന്ധത്തിലും അമിതമായ സാഹസികതയ്ക്ക് ഇടമുണ്ടോ എന്നാണ് പലരും നോക്കുന്നത്. തിന്മ ജനാധിപത്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും സാമുദായവുമെല്ലാം  മനുഷ്യൻ്റെ തിന്മയെ വ്യവസ്ഥാപിതമാക്കുകയാണ് ചെയ്യുന്നത്. അതിനോട് ചേരാതെ ഒരാൾക്കും നിലനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. വിദ്യാഭ്യാസമുള്ളവരും തൊഴിൽ മേഖലയിൽ വിജയിച്ചവരുമാണ് ഇന്ന് ഈ വലയത്തിലകപ്പെടുന്നത്. രാഷ്ട്രീയവും അതിൻ്റെ സാങ്കേതികമായ അധികാരത്തിന്റെ വ്യാജനിർമ്മിതികളായ പ്രശസ്തിയും പദവിയും തെറ്റായ ജനാധിപത്യ സംസ്കാരത്തെ വളർത്തിയെടുത്തിരിക്കുന്നു .തെറ്റിനെ, സ്വജനപക്ഷപാതത്തെ ,രാഷ്ട്രീയ പക്ഷപാതത്തെ സദാചാരമായി സ്വീകരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ പ്രതിബന്ധമുണ്ടാകും .ഇത് പല എഴുത്തുകാരെയും നിശബ്ദരാക്കിയിരിക്കുകയാണ് .എല്ലാ കുത്തകങ്ങളും ഒരുമിച്ച് ചേരുകയും കൈകോർത്തു നിൽക്കുകയാണ്. അവരുടെ ശക്തമായ അരുതായ്കകൾ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്.ഈ പ്രവൃത്തിയിലൂടെ സമൂഹത്തിൻ്റെ സഹജമായ സാന്നിദ്ധ്യങ്ങൾ തനിയെ ഇല്ലാതാകും. 

ചോദ്യം: എഴുത്തുകാരൻ ആത്മഹത്യയുടെ വക്കിലാണോ?

എം.കെ.ഹരികുമാർ: നിസ്സഹായരായ എഴുത്തുകാർ ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നതായി മനസ്സിലാക്കാൻ  കഴിയുന്നുണ്ട്. നിസ്വാർത്ഥരായി, ആദർശനിഷ്ടയോടെ രചനയെ സമീപിക്കുന്നവരെ ചില അധികാരശക്തികൾ തുടച്ചുനീക്കുന്നതിന്റെ തിക്തഫലമാണിതെന്ന് മനസ്സിലാക്കുന്നു. സാഹിത്യരചനയിൽ ഇപ്പോൾ രാഷ്ട്രീയത്തിനും  പണത്തിനുമാണ് പ്രാധാന്യം. മുൻകാല  എഴുത്തുകാരെ, മൺമറഞ്ഞവരെ പ്രസാധകർ പോലും മറന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു വലിയ പുസ്തകപ്രസാധനശാല സന്ദർശിച്ചപ്പോൾ അവിടെ പല പ്രമുഖരുടെയും പുസ്തകങ്ങൾ കണ്ടില്ല.  പ്രസാധകന് വേണ്ടപ്പെട്ട ചിലരുടെ പുസ്തകങ്ങൾ മാത്രമാണ് വിൽക്കുന്നത്! അവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളോടു പോലും അവർക്ക് താല്പര്യമില്ല.


 

ചോദ്യം: റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിനെക്കുറിച്ച് ഈ പുസ്തകത്തിൽ മനോഹരമായ ഒരു ലേഖനമുണ്ട് .ജീവിതത്തെക്കുറിച്ച് സത്യസന്ധമായ നിരീക്ഷണങ്ങളാണ്  അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.  എന്തിനും ഉത്തരമുണ്ട്. പല ചോദ്യങ്ങളും ഉന്നയിക്കുന്നു. 
ഒറേലിയസിൻ്റെ തത്വചിന്ത  എന്താണെന്നും അത് എങ്ങനെയാണ് നമുക്ക് പ്രിയങ്കരമാവുന്നതെന്നും താങ്കൾ വിശദീകരിക്കുന്നുണ്ട്.

എം.കെ.ഹരികുമാർ :മാർകസ് ഒറേലിയസ് ഒരു സാന്ത്വനമാണ്. പ്രക്ഷുബ്ധമായ ജീവിതവും അർത്ഥശൂന്യമായ മുഴക്കങ്ങളും നമ്മുടേതാണ്. നാം എന്താണ് തേടുന്നത്? എന്താണ് നമുക്ക് ലഭിക്കുന്നത് ?ഒറേലിയസ് അതെല്ലാം ആലോചിക്കുന്നു. ജ്ഞാനത്തിൻ്റെ  സത്യസന്ധത അപാരമാണ്. നമുക്കൊക്കെ സത്യസന്ധതയുണ്ടെന്ന് പറയാം. പക്ഷേ ജ്ഞാനമില്ല, സ്വാതന്ത്രമില്ല.
നമുക്ക് ജ്ഞാനവും സ്വാതന്ത്ര്യവും ഉണ്ടായാലോ? സത്യം പറയുകയില്ല. ഈ പ്രതിസന്ധി വിദ്യാഭ്യാസത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായ അതിജീവനത്തിന്റെയും ഭാഗമാണ്.  കണ്ടീഷനിങ്ങിന് വിധേയമായതുകൊണ്ട് നമുക്ക് ഒറേലിയസിനെ പോലെ സത്യം കാണേണ്ട ഉത്തരവാദിത്തമില്ല .സ്വന്തം മഹത്വം കാണാൻ ഒരുവനും തയ്യാറല്ല എന്ന് ഒറേലിയസ് പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കണം.

ചോദ്യം: ദൈവം എന്ന അനുഭവത്തെക്കുറിച്ച് ഒരു ലേഖനമുണ്ട് .അമേരിക്കൻ ഗ്രന്ഥകാരനായ നീലെ ഡൊണാൾഡ് വാൽസിന്റെ 'കോൺവെർസേഷൻ വിത്ത് ഗോഡ്' എന്ന നാലുവാല്യങ്ങളുള്ള പുസ്തകത്തെക്കുറിച്ച് എഴുതിയ ലേഖനമാണത്. താങ്കളെ ദൈവചിന്ത   ബാധിച്ചിരിക്കുകയാണ്?

എം.കെ.ഹരികുമാർ: ദൈവചിന്ത എന്നെ ബാധിച്ചിട്ടുണ്ട്. ജീവിതത്തിലെ മൗനത്തിലും അത് തനിയെ വരും .ദൈവത്തെ സൗന്ദര്യാത്മകമായാണ് ഞാൻ കാണുന്നത്. ഒരു മത്സ്യം വെള്ളത്തിൽ നീന്തിത്തുടിക്കുന്നത് കാണുമ്പോൾ ഞാൻ ദൈവികമായ അനുഭൂതിയിലേക്ക് എത്തും. മത്സ്യത്തിന്റെ നീന്തലിൽ ദൈവികതയുണ്ട്. ഇതാണ് സൗന്ദര്യം. 
ദൈവം എത്ര അനായാസമായി മത്സ്യത്തെ നീന്താൻ സജ്ജമാക്കിയിരിക്കുന്നു .എന്നാൽ തീർത്തും ദൈവനിഷേധിയായ മനുഷ്യൻ മത്സ്യത്തെ കൊല്ലുന്നു. മനുഷ്യൻ ഓരോ നിമിഷവും ദൈവത്തെ കൊല്ലുകയാണ്.ക്രിസ്തു ഓരോ നിമിഷവും കുരിശിലേറ്റപ്പെടുന്നു.

ചോദ്യം:'ബുദ്ധിസ്റ്റ് നീലാകാശങ്ങൾ'  മലയാളവിമർശനത്തെ  സജീവമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വിമർശനത്തെ തത്വചിന്തയുടെയും കലയുടെയും ആവിഷ്കാരമാക്കുകയാണ്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഒരു സറിയലിസ്റ്റ് ചിത്രം പോലെ, ആധുനിക കവിതപോലെയാണ് വായിക്കേണ്ടത്. വിമർശകൻ്റെ മനസിലെ കവിതയാണത്. ഈ പുസ്തകം താങ്കളുടെ ചിന്തയുടെ ബൃഹത് ലോകമാണ് അനാവരണം ചെയ്യുന്നത്. താങ്കൾ ഇതിനെ എങ്ങനെ ഉൾക്കൊള്ളുന്നു.

എം.കെ.ഹരികുമാർ :ഭാവുകത്വം മരിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ആഴത്തിൽ ചിന്തിക്കുകയോ വളരെ ആലോചിക്കേണ്ടതായ ഒരു  വിഷയത്തെക്കുറിച്ച് കൂടുതൽ മനനം ചെയ്യുകയോ ആണെങ്കിൽ അതിനു പ്രതികരണം കിട്ടാൻ പ്രയാസമാണ്. ഭാവുകത്വത്തിൻ്റെ പരിസരം ചുരുങ്ങിപ്പോയിരിക്കുന്നു. ആളുകൾ ഇന്ന് കൂട്ടുകെട്ടുകളും ബന്ധങ്ങളുമുള്ളതുകൊണ്ട് കുറെ പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നു ,അവാർഡ് വാങ്ങുന്നു. അതിനപ്പുറം ഒന്നുമില്ല.  ഭാവുകത്വപരമായി പ്രാധാന്യമുള്ള, വൈകാരികമായ, ദാർശനികമായ വിഷയങ്ങളെക്കുറിച്ച് എഴുതുന്നത്, ഇന്നത്തെ സമൂഹത്തിൽ, റിസ്കാണ്. കാരണം, അത് വായനയ്ക്ക്, ചർച്ചയ്ക്ക് വിഷയമാകുന്ന തരത്തിലുള്ള അന്തരീക്ഷമില്ല .
ആസ്വദിക്കുന്നവർ കുറവാണ്.ഞാൻ ഭാഷാപരവും ആത്മീയവുമായ സൗന്ദര്യബോധമാണ് ആവിഷ്കരിക്കുന്നത്.അതോടൊപ്പം പ്രസക്തമായ വാദങ്ങൾ ഉന്നയിക്കാറുണ്ട്. വീണപൂവ്, ഖസാക്കിന്റെ ഇതിഹാസം എന്നീ കൃതികളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇതിൻ്റെ ഭാഗമായിട്ടുള്ള ഉദ്യമങ്ങളാണ്.
പുതിയ ഒരു കണ്ടെത്തൽ ,ആശയങ്ങളുടെ പുതിയ ക്രമീകരണം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചോദ്യം: 'അക്ഷരജാലകം' എന്ന പംക്തി എഴുതിതുടങ്ങുമ്പോൾ അത് സുദീർഘമായ ഒരു കാലയളവിലേക്ക് വളരുമെന്ന് കരുതിയിരുന്നോ ?

എം.കെ.ഹരികുമാർ: അങ്ങനെയൊരു പ്രതീക്ഷയില്ലായിരുന്നു. എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക് വായനക്കാരുടെ പിന്തുണ കിട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ ജിജ്ഞാസ ശരിക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. 'അക്ഷരജാലകം' എന്ന പേര് ഇന്ന് സാഹിത്യത്തെപ്പറ്റി പറയുന്ന പലയിടങ്ങളിലും ഉപയോഗിക്കുന്നു. ദൂരദർശനിൽ ഇതേ പേരിൽ ,സാഹിത്യകൃതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയത് എൻ്റെ പംക്തിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.ഇപ്പോൾ പത്രങ്ങളിൽ 'അക്ഷരജാലകം' എന്ന പേരിൽ പംക്തി എഴുതുന്നവരുണ്ട് .'അക്ഷരജാലകം' സാഹിത്യപംക്തികളിലെ ഒരു ബ്രാൻഡായി മാറിയതിന്റെ വിജയമാണിത്. 


 

ചോദ്യം: എങ്ങനെയാണ് താങ്കൾ ഈ കാൽ നൂറ്റാണ്ടിൻ്റെ വിജയം നേടിയത്?

എം.കെ.ഹരികുമാർ :വായനക്കാരോട് സത്യം പറയുകയാണ് ഞാൻ ചെയ്തത്. ആരുടെയും പരസ്യം ഞാൻ ഏറ്റെടുത്തില്ല. ചിന്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആരുടെയും സ്വാധീനമില്ലാതെ നീങ്ങാനാവും. സത്യം നമ്മെ സ്വതന്ത്രമാക്കും.ഞാൻ സ്വാതന്ത്ര്യത്തെയാണ് അറിയാൻ  ശ്രമിച്ചത്.ഒരു എഴുത്തുകാരൻ്റെ ജീവിതത്തിൽ സ്വതന്ത്രനാവുന്നതിനാണ് മൂല്യം. ഇതിനു വലിയ പ്രയത്നം ആവശ്യമാണ്. എൻ്റെ വായനയുടെ ഫലമായുണ്ടായ സ്വാതന്ത്ര്യമാണിത്. ഈ ചിന്തകൾ വായനക്കാരുമായി പങ്കുവച്ചപ്പോൾ അവർ സ്വീകരിച്ചു.അവർ ഓരോ ആഴ്ചയിലും കാത്തിരുന്നു വായിച്ചു.

ചോദ്യം: താങ്കൾ സത്യം പറയുമ്പോൾ അത് പലർക്കും പ്രയാസമുണ്ടാക്കില്ലേ ?

എം.കെ.ഹരികുമാർ: എനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലല്ലോ. ഞാൻ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത എഴുത്തുകാരെയും വിമർശിച്ചിട്ടുണ്ട്. അതിൽ ആശയപരവും സൗന്ദര്യശാസ്ത്രപരവുമായ വിയോജിപ്പുകളേയുള്ളു.വിമർശനം ഇല്ലാതായാൽ സമൂഹം ചീഞ്ഞുനാറും. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിന് ഉന്നതമായ സംശയങ്ങളും സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉണ്ടായിരിക്കില്ല.

ചോദ്യം: 'അക്ഷരജാലകം' ഏതെല്ലാം ഇടങ്ങളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?

എം.കെ.ഹരികുമാർ: 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ  കൊച്ചി എഡിഷനിലാണ് 'അക്ഷരജാലകം' ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നെ, അധികം താമസിയാതെ അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലേക്ക് മാറ്റി. ഇപ്പോൾ 'മെട്രോവാർത്ത'യിലാണ് പ്രസിദ്ധീകരിക്കുന്നത്. കലാകൗമുദിയിൽ എട്ടു വർഷം എഴുതി. പിന്നീട് 'പ്രസാധകൻ' മാസികയിലും.

ചോദ്യം: എന്തുകൊണ്ടായിരിക്കും   താങ്കളെപ്പോലെ കാൽനൂറ്റാണ്ടിലേറെ കോളമെഴുതുന്ന മറ്റൊരാളെ കാണാനില്ലാത്തത്?

എം.കെ.ഹരികുമാർ: പംക്തി എഴുതുന്നത് വളരെ കഠിനമായ സപര്യയാണ്. എല്ലാ ആഴ്ചയിലും എഴുതണമല്ലോ. പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകണം. സ്ഥിരമായി വായിക്കുന്ന ശീലമുള്ളവർക്കേ  ഇങ്ങനെ തുടർച്ചയായി എഴുതാനൊക്കൂ .സ്വന്തം കവിതയും കഥയുമല്ലാതെ മറ്റൊന്നും വായിക്കാത്തവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് .അവർക്ക് പംക്തിയെഴുതാനുള്ള മാനസികാവസ്ഥയുണ്ടാവില്ല.സ്ഥിരമായി എഴുതാനുള്ള ഊർജ്ജം അത്യാവശ്യമാണ്, ഒരു കോളമെഴുത്തുകാരന് .ലോക നിലവാരത്തിലുള്ള നവീനമായ ആശയങ്ങളില്ലെങ്കിൽ കോളം ആരും ഗൗരവത്തിലെടുക്കില്ല. ആഴ്ചയിൽ ഒരു പുസ്തകം ,ഒരു ചിത്രം ,ഒരു സിനിമ ,ഒരു കവിത എന്നൊക്കെ പറഞ്ഞ് കോളമെഴുതുന്ന പൈങ്കിളിക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് പോലും അത്തരം എഴുത്തുകൊണ്ട് പ്രയോജനമില്ല .നിരന്തരമായി ആശയങ്ങളുമായി ഏറ്റുമുട്ടാനും പുതിയ വീക്ഷണങ്ങളിലേക്ക് വളരാനും കഴിയുന്നവർക്കേ കോളം എഴുത്ത് സാധ്യമാകൂ .

ചോദ്യം: 'അക്ഷരജാലകം' മലയാള സാഹിത്യത്തെ സ്വാധീനിച്ചത് എങ്ങനെയാണ് ?താങ്കൾ അത് വിലയിരുത്തിയിട്ടുണ്ടോ.?

എം.കെ.ഹരികുമാർ:അക്ഷരജാലകം ,വായനക്കാരുടെ പംക്തിയാണ്‌ .അവരാണ് അതിനെ നിലനിർത്തിയത്. എല്ലാ ആഴ്ചയിലും അക്ഷരജാലകം വായിച്ചിട്ട് എനിക്ക് സന്ദേശമയയ്ക്കുന്നവരുണ്ട്. കിട്ടിയില്ലെങ്കിൽ ചോദിച്ച് മേടിച്ച് വായിക്കും.ചിലർ ഇതിനെപ്പറ്റി വാട്സപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും എഴുതാറുണ്ട്. ഇങ്ങനെ നല്ല വായനക്കാർ കാത്തിരിക്കുന്നതു കൊണ്ട് ജാഗ്രത പാലിച്ചേ മതിയാകൂ.
ഏതെങ്കിലുമൊരു പുസ്തകം പരിചയപ്പെടുത്താൻ വേണ്ടി മാത്രം കോളം എഴുതിയിട്ടില്ല.അസംബന്ധങ്ങളും അർത്ഥശൂന്യതകളും നിറഞ്ഞ സാഹിത്യസംസ്കാരത്തെ എതിർക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. 

ചോദ്യം:ഒരു കോളമെഴുത്തുകാരനെ വിജയിപ്പിക്കുന്നത് എന്താണ്?

എം.കെ.ഹരികുമാർ : നല്ല ഭാഷയും പുതിയ ചിന്തയുമാണ് പ്രധാന ഗുണങ്ങളായി വേണ്ടത്. ഭാഷയുണ്ടാകണമെങ്കിൽ ശരിയായ സാഹിത്യസംസ്കാരം അറിയണം. 

ചോദ്യം:അക്ഷരജാലകം വായനക്കാരുടെ ,സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന്റെ ചിന്താധാരയിൽ പരിവർത്തനം വരുത്തിയതായി താങ്കൾ ചിന്തിക്കുന്നുണ്ടോ ? എന്താണത്?

എം.കെ.ഹരികുമാർ: ദീർഘകാലമായി, അന്ധമായി പിന്തുടരുന്ന പല സങ്കല്പങ്ങളും എൻ്റെ പംക്തിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിലൊന്ന് സ്വത്വം എന്ന ആശയത്തിനെതിരായ എൻ്റെ സമരമാണ്. സ്വത്വം എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കുറെ എഴുത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സ്വത്വം ഒരു Pre modern  ആശയമാണ്. ഇന്നത്തെ ലോകത്ത് എഴുത്തുകാരനായാലും സാധാരണ വ്യക്തിയായാലും സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയാണ് ചെയ്യുന്നത്. വേഗതയേറിയ പുതിയ ജീവിതത്തിൽ പരമ്പരാഗതമായ സങ്കല്പങ്ങൾ കലഹരണപ്പെടുകയാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ പോൾ വിറിലിയോ പറഞ്ഞതുപോലെ സമാധാനത്തിലായിരിക്കുന്നതിനും ഇന്ന്  വേഗത വേണം .വേഗത ഒരു പുതിയ മാനമാണ്. പ്രണയിക്കുന്നതും വേർപിരിയുന്നതും അമിതവേഗത്തിലായിട്ടുണ്ടെങ്കിൽ അത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പ്രേം നസീർ സിനിമകളിലും ചങ്ങമ്പുഴയുടെ കവിതകളിലും കണ്ട പ്രണയം ഇന്ന് ആർക്കും മനസിലാവുകയില്ല. 
മറ്റൊന്ന്, സംസ്കാരം എന്ന ആശയമാണ്. കലയും പൈതൃകവുമല്ല  സംസ്കാരത്തിന്റെ അളവുകോലുകളെന്ന് ഈ കോളത്തിൽ എഴുതി;
ഇത് കോളത്തിലൂടെ സ്ഥാപിച്ചെടുത്തു. ഒരു വ്യക്തി പണം കൊടുത്ത് വാങ്ങുന്ന വസ്തു സംസ്കാരത്തെ നിർണയിക്കുന്നു.വലിയ മാളുകളിലെ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത്, വലിയ കാറുകളിൽ സഞ്ചരിക്കുന്നത്, വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നത്... തുടങ്ങിയവ മനുഷ്യരുടെ സാംസ്കാരിക അടയാളങ്ങളായി മാറിയിരിക്കുന്നു .പാവപ്പെട്ടവർക്കും ഇതെല്ലാം അനിവാര്യമായിരിക്കുന്നു.ഇത് നേടിയില്ലെങ്കിൽ സംസ്കാരത്തിൻ്റെ ചന്തയിൽ ഇവർ പിന്തള്ളപ്പെടും. ഉത്തരാധുനികത മരിച്ചു എന്ന് ഞാനാണ് ആദ്യം എഴുതിയത്. ഉത്തര- ഉത്തരാധുനികതയുടെ വരവ് അറിയിച്ചു കൊണ്ട് 'അക്ഷരജാലക'ത്തിൽ ഞാൻ ധാരാളം എഴുതി. അലൻ കിർബി ,നിക്കോളെ ബോറിയ ,റയോൾ ഇഷെൽമാൻ തുടങ്ങിയവരെ ഞാൻ ഇൻ്റർവ്യു ചെയ്തതിൻ്റെ സംക്ഷിപ്ത വിവരം 'അക്ഷരജാലക'ത്തിൽ അവതരിപ്പിച്ചിരുന്നു .പിന്നീട് 'ഉത്തര- ഉത്തരാധുനികത' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. 


 

ചോദ്യം:'അക്ഷരജാലക'ത്തോട് മറ്റു എഴുത്തുകാർ എങ്ങനെയാണ് പ്രതികരിച്ചത് ?

എം.കെ.ഹരികുമാർ: സ്ഥാപിത താൽപര്യമില്ലാത്തവർ എൻ്റെ പംക്തിയെ എന്നും പിന്തുണച്ചിട്ടുണ്ട്. സംവിധായകൻ കെ.എസ്.സേതുമാധവൻ മിക്കവാറും വിളിക്കുമായിരുന്നു .അദ്ദേഹം ഇതിനെക്കുറിച്ച് കത്തെഴുതി പ്രസിദ്ധീകരിച്ചു.'അക്ഷരജാലക'ത്തിൻ്റെ രണ്ടു വാല്യങ്ങൾ ഇപ്പോൾ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചു ,രണ്ടു വാല്യങ്ങളായിട്ട്.  ഒരു പുസ്തകത്തിൻ്റെ പിൻകവറിൽ  കെ.എസ്.സേതുമാധവൻ്റെ കത്ത് ചേർത്തിട്ടുണ്ട്. മറ്റേ പുസ്തകത്തിൻ്റെ പിൻകവറിൽ ചെമ്മനം ചാക്കോയുടെ കത്താണ് ചേർത്തിട്ടുള്ളത്. അദ്ദേഹം  ഈ കോളത്തിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കത്ത് എഴുതി  കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.  വേറെയും ധാരാളം എഴുത്തുകാർ 'അക്ഷരജാലക'ത്തെ പ്രശംസിച്ചിട്ടുണ്ട്. 

ചോദ്യം: ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ , ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും  ഉണ്ടാവില്ലേ ?

എം.കെ.ഹരികുമാർ: ഒരു കോളമിസ്റ്റിനു മാത്രമായി പ്രത്യേക സമീപനമില്ല. ഒരു കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്. എന്നിലെ കലാകാരനും തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്. അതുകൊണ്ട് വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒരു വിമർശകനായിരുന്നില്ലെങ്കിൽ കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ വിചാരാത്മകമാക്കുന്നത്, സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ  തത്ത്വചിന്താപരമായ ആലോചനകളാണ്.'ഒരു പൂച്ചയും ഒറിജിനലല്ല' എന്ന പേരിൽ ഞാനൊരു  ലേഖനം എഴുതിയിരുന്നു .കലയോടുള്ള എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ സൃഷ്ടിക്കുകയാണ്.  അതുകൊണ്ട് അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അത് ഒറിജിനലല്ലാതാകും. താൻ കണ്ട  പൂച്ചയാണ് അയാൾ വരയ്ക്കുന്നത്. യാതൊരു വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്. ഓരോ മനുഷ്യനും കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ ആയിരം കണ്ണുകൾ നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം പ്രതിഛായകളാണ് ഉണ്ടാകുന്നത്.എഴുതുമ്പോൾ യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ സൃഷ്ടിക്കുകയുമാണ്. എൻ്റെ വീക്ഷണത്തിൽ, പ്രകൃതിയിലെ  കാഴ്ചകൾ -മേഘങ്ങൾ ,നദികൾ, സമുദ്രങ്ങൾ, വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ, സൂര്യോദയം ,അസ്തമയം ,രാത്രി  തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ സൗന്ദര്യവുമായി നമുക്ക് ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും സംരക്ഷിക്കുന്നില്ല. പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരാൾ സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ കലാകാരൻ്റേത് ഒരു കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത, തന്നെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .
കലാകാരന് പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ് തേടുന്നത്. അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം കണ്ടെത്താനാവുന്നില്ല. ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു തീർത്തിരുന്നില്ല. എപ്പോഴും വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ വരയുടെ അവസാന ഘട്ടത്തിൽ ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്.വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും. പുതിയ അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ തീരുമാനത്തിലെത്താനാവില്ല. 


 

ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ 'അക്ഷരജാലകം' എഴുതുന്നു.  ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?

എം.കെ.ഹരികുമാർ: എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി. എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത് കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് കടം കൊള്ളാറില്ല. എൻ്റെ ചിന്ത ലോക നിലവാരത്തിലുള്ളതാണെന്ന് ഞാൻ  കരുതുന്നു. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട് ഞെട്ടിയിട്ടുണ്ട്. എൻ്റെ ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു വരും. 'നവാദ്വൈതം' തുടങ്ങിയ ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത് പുതിയൊരു ചിന്തയാണ് .നമ്മൾ എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന് അവർക്ക് തോന്നണം. ഹൃദയത്തോട് ഹൃദയം സത്യം പറയണം. സത്യം നമ്മെ മോചിപ്പിക്കും.

ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?

എം.കെ.ഹരികുമാർ: വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ കാണാൻ വന്ന ഒരു വായനക്കാരൻ 'അക്ഷരജാലക'ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത് ഒരു ഫയലാക്കി കൊണ്ടുവന്നത് അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യുവാവ്, ഈ  പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ വാട്സപ്പിൽ അയച്ചുതന്നത് അതിശയിപ്പിച്ചു. 'അക്ഷരജാലകം' പ്രസിദ്ധീകരിച്ചു വരുന്നതിൻ്റെ തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് 'അക്ഷരജാലക'ത്തിൽ എഴുതിയിരിക്കുന്നതെന്ന് തിരക്കിയ  കുറെ വായനക്കാരുണ്ട്.

ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനിഷ്ടമുള്ളതായി  അറിയാമോ ?

എം.കെ.ഹരികുമാർ: തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി, ജനാധിപത്യബോധമോ, സഹിഷ്ണുതയോ ഇല്ലാതെ ,  പരസ്പരം പുകഴ്ത്തുന്ന അവരെ ഗൗരവത്തിലെടുക്കാൻ തോന്നുന്നില്ല.

ചോദ്യം:താങ്കളുടെ ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ  നോവലുകൾ വേണ്ടത്ര  വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ?

എം.കെ.ഹരികുമാർ :വായന നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ടതല്ലല്ലോ. അത് നന്നായി വായിക്കപ്പെട്ടു. 'ജലഛായ' പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത് ഇതിൻ്റെ കണക്കെടുത്ത് കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ, എന്റെ നോവലുകൾ മഹത്തായ സംഭാവനയാണെന്ന് എത്രയോ പേർ പറഞ്ഞു! രൂപത്തിലും ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത് സാധ്യമാക്കിയ വേറെ ഒരു കൃതി ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല. അത്ര നൂതനമാണ് എൻ്റെ രചനകൾ . അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന ഉണ്ടാവും.

ചോദ്യം :എഴുതി തുടങ്ങിയിട്ട് അമ്പത് വർഷത്തോട് അടുക്കുകയാണല്ലോ.  താങ്കൾ ഇതിനെ സ്വന്തം പശ്ചാത്തലത്തിൽ എങ്ങനെ കാണുന്നു ?

എം.കെ.ഹരികുമാർ : മുപ്പത്തിയെട്ട്  പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ ലേഖനങ്ങളുണ്ട്. നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ തകർക്കാനുള്ള ചിന്തയാണ് പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട് എഴുതുന്നത് വ്യർത്ഥമാണ്. തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ 'ആത്മായനങ്ങളുടെ ഖസാക്ക് ' പോലുള്ള കൃതികൾ എഴുതുമ്പോൾ പലരും അകലും. കാരണം, ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം മിക്കവർക്കുമില്ല. ഇവിടെ സ്വന്തമായി ഒരു ആസ്വാദനം ,വിധിതീർപ്പ് സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട് സാഹിത്യം വായിക്കുന്നവരാണ് ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ യാത്രയിൽ മതിലുകൾ ഇടിഞ്ഞു വീഴും .അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ കുറയും.യാഥാസ്ഥിതിക എഴുത്തുകാർ നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും. അവർ ഭീരുത്വത്തിൻ്റെ ഫലമായ കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു കൃതിയെങ്കിലും, വല്ലപ്പോഴും പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും. അവരുടെ ഭീരുത്വം പരിധിയില്ലാതെ വളരും. ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തുന്നത് ചിലരെ വിറളി പിടിപ്പിച്ചേക്കാം.'ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,''വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ' തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ അസ്വസ്ഥരാക്കും .

ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?

എം.കെ.ഹരികുമാർ: ഞാൽ 2012 ൽ  'ഉത്തര -ഉത്തരാധുനികത' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ അതിനു മുന്നേ തന്നെ 'അക്ഷരജാലക'ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ  ചൂണ്ടിക്കാണിച്ചിരുന്നു. 

ചോദ്യം: ഉത്തരാധുനികത മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും  ചില യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .

എം.കെ.ഹരികുമാർ:നമ്മുടെ അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല ഗദ്യമെഴുതുന്ന ഒരാൾ പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന നിലയിൽ അറിയുന്നവർ ആ മേഖലയിലില്ല .അവർ ഗവേഷണം ചെയ്യുന്ന ഉത്തരാധുനിക വിഷയങ്ങളിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാലപഠനങ്ങളല്ലാതെ വേറെ ഒന്നും ചെയ്യാനില്ല .
 


കെ.ജി.മഹേന്ദ്രകുമാർ 
 
 
 
ബുദ്ധിസ്റ്റ് നീലാകാശങ്ങൾ 
(സാഹിത്യവിമർശനം)
എം.കെ. ഹരികുമാർ 
പ്രസാധകർ: ബോധി ബുക്സ് 

Contact: 9061108334, 9447304886 (whatsaap
 
 


Monday, September 1, 2025

മഴയുടെ ആന്തരരാഗം /എം.കെ.ഹരികുമാർ

 

അക്ഷരജാലകം


 


വർഷത്തിൽ എട്ടുമാസം മഴ ലഭിക്കുന്ന കേരളത്തിൽ മഴ ഒരാത്മീയ, സാംസ്കാരിക  അനുഭവമായിട്ടില്ല .മൺസൂൺ ടൂറിസം എന്നൊക്കെ പറയാൻ സമീപകാലത്ത് ചില റിസോർട്ട് ഉടമകളാണ് മുന്നോട്ടുവന്നത്. മഴ നമുക്ക് ദുഃഖവും സന്തോഷവുമാണ്.മഴ പെരുകി പെരുവെള്ളമായി നാം കുതിർന്നതിൻ്റെ പ്രശ്നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.  മഴയുടെ ഫലമായി ഉണ്ടാകുന്ന ഉരുൾപൊട്ടൽ ,നദി കരകവിയിൽ, ഒഴുകിപ്പോകൽ, വെള്ളപ്പൊക്കം തുടങ്ങി എത്രയോ ദുരനുഭവങ്ങൾ കണ്ടവരാണ് നാം. അതെല്ലാം പ്രകൃതിയുടെ സങ്കടമായിരുന്നു. പ്രകൃതിയോട് നമുക്ക് നേരെയാകാൻ പ്രാർത്ഥിക്കാനേ പറ്റൂ. എന്നാൽ മഴയുടെ നല്ല അനുഭവത്തെ അതിൽ മുക്കി കൊല്ലേണ്ടതില്ല. മഹാസമുദ്രം പോലെയുള്ള വെള്ളത്തിൻ്റെ ബൃഹത്തായ സാന്നിധ്യത്തിൽ ഒരു തുള്ളി എന്ന ഹൃദ്യമായ സാന്ത്വനം അടങ്ങിയിരിക്കുന്നു .

ജീവിതത്തിനു അർത്ഥം 

ഒരു തുള്ളി വെള്ളത്തിനു എത്രയോ  പ്രാധാന്യമുണ്ട്. രോഗികൾക്ക് മാത്രമല്ല, കടുത്ത വേനലിൽ കഴിയുന്നവർക്കും ഒരു തുള്ളി വെള്ളത്തിൻ്റെ വിലയറിയാം. ഒരു കടലിൽ ,മഴയിൽ അന്തർലീനമായ ദൈവബിന്ദുവാണ്  ഒരു തുള്ളി .അത് കവിതയാണ്. പുൽക്കൊടിയിൽ താഴേക്ക് വീഴാനായി തങ്ങിനിൽക്കുന്ന ഒരു തുള്ളിയെ താൻ കണ്ടിട്ടില്ലെന്നും അത് മനസ്സിലാക്കാൻ വൈകിയെന്നും പരിതപിച്ചത് മഹാസംവിധായകനായ സത്യജിത് റായിയാണ് .ലോകത്ത് ധാരാളം സഞ്ചരിച്ചതുകൊണ്ട് വീടിനു തൊട്ടടുത്തുള്ള വിസ്മയകരമായ കാഴ്ചയെക്കുറിച്ച് അറിയണമെന്നില്ല. ലോകപ്രശസ്തമായ മൃഗസങ്കേതങ്ങളും കാഴ്ചബംഗ്ളാവുകളും സന്ദർശിച്ചതുകൊണ്ട്, ഒരു പൂച്ചക്കുട്ടി സ്നേഹത്തോടെ നമ്മുടെ നെഞ്ചിലേക്ക് കയറി വന്ന് എന്താണ് പറയുന്നതെന്ന് അറിയണമെന്നില്ല .സ്നേഹത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും അർത്ഥം അതിലുണ്ട്. സ്നേഹിച്ച ഒരു പൂച്ചക്കുട്ടിയെ നഷ്ടപ്പെടുമ്പോൾ എത്രയോ വിലയേറിയ ഓർമ്മകൾ ശേഷിക്കുന്നുണ്ടാവും. അത് അഗ്നിയിൽ കത്തിയെരിയുന്ന വിറകു പോലെ മനസ്സിലുണ്ടാവും. അതാണ് ജീവിതത്തിനു അർത്ഥമുണ്ടാക്കുന്നത്. ശോകാത്മകമായ ഒരു ബിന്ദുവിൽ, ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡുപോലെ  മനസ്സ് ആയിത്തീരുന്ന അവസ്ഥ. മറ്റൊന്നിനോടുള്ള സ്നേഹമാണ് അതിനു കാരണം. അതാകട്ടെ മനുഷ്യമനസിന്റെ അടിത്തട്ടിൽ ഒഴിഞ്ഞു കിടക്കുന്നതായിരുന്നു; ആരാലും ഉണർത്തിയതല്ല. ഒരു നിമിഷത്തിൽ ജീവിതത്തിൻ്റെ ചൂടും നഷ്ടവും വേവും സങ്കടവും അറിയിക്കാനായി പ്രപഞ്ചം ഒരുക്കിയ ഒരു പദ്ധതിയാണത്.

മഴ മനസ്സിൽ 

മനുഷ്യർക്ക് വെട്ടിയിട്ട തടി പോലെയോ, കെട്ടിക്കിടക്കുന്ന വെള്ളം പോലെയോ ജീവിക്കാം .അപ്പോൾ ജീവിക്കുന്നതിൻ്റെ അർത്ഥമെന്താണെന്നു ചിന്തിച്ചാൽ  ഒന്നും പിടികിട്ടില്ല .സ്വയം ആരായുന്നതാണ് മഹത്തരമായത്. സ്നേഹത്താൽ ബന്ധിച്ചത് എന്തിനായിരുന്നുവെന്നു തീവ്രമായി ആലോചിക്കാം. യാദൃശ്ചികമായി  കണ്ടുമുട്ടിയ ഒരു ജീവിയെ നഷ്ടപ്പെടുമ്പോൾ അതിൻ്റെ സ്നേഹത്തീയിൽ, ഓർമ്മയിൽ വെന്തുരുകുമ്പോഴാണ് നാം ജീവിച്ചത് ജീവിതമാണെന്നു അറിയുന്നത്.

ഒരു വലിയ ശബ്ദം എത്ര ഭയാനകമാണ്. അത് കർണപുടങ്ങളെ തകർത്തേക്കാം. എന്നാൽ ആ ശബ്ദത്തിന്റെ പ്രപഞ്ചത്തിന്റെ കനത്തിനുള്ളിലാണ് ഓങ്കാരം  ചേർന്നിരിക്കുന്നത്. ഓങ്കാരത്തെ വേർതിരിച്ച് മനസ്സിലാക്കണമെങ്കിൽ പ്രാണസൗഖ്യത്തോടെ അതിൻ്റെ പിന്നാലെ അലയണം .എപ്പോഴെങ്കിലും ഒരു ഒറ്റപ്പെട്ട നിമിഷത്തിൽ, ശബ്ദത്തിന്റെ ആരോഹണത്തിൽ നിന്നുത്ഭൂതമാകുന്ന ലയത്തിൽ ഓങ്കാരം എന്ന ശാബ്ദികബ്രഹ്മത്തിന്റെ സർവാതിശായിയായ സൗഖ്യം അനുഭവിക്കാനായേക്കും. അതുപോലെയാണ് മഴയും. കോരിച്ചൊരിയുന്ന മഴ നമുക്ക് അപരിചിതമല്ല. ന്യൂനമർദ്ദവും കാലവർഷവും നാം അനുഭവിക്കുന്നു. മഴയുടെ ഇടവേളകളിൽ കട്ടിയുള്ള  വെയിൽ പരപ്പുകൾ കാണാറാകുന്നതാണ് ആഗസ്തിന്റെ പ്രത്യേകത. മഴ പെയ്തും വെയിൽ വിരിഞ്ഞും വീണ്ടും മഴ പെയ്തും ഒരു താളത്തിൽ പോവുകയാണ് ആഗസ്ത്. മഴയെ അറിയുന്നവരും കേൾക്കുന്നവരും തൊടുന്നവരും സ്വപ്നം കാണുന്നവരുമുണ്ട്. മഴ ആകാശത്തിലല്ല മനസ്സിലാണ് പെയ്യുന്നതെന്ന് ചിന്തിക്കുന്നവരുണ്ട്. മഴയ്ക്ക് വേറെയും മാനങ്ങളുണ്ട് . കലാകാരന്മാരുടെയും കവികളുടെയും വിമർശകരുടെയും വ്യാഖ്യാനങ്ങളിൽ ,മനസുകളിൽ പെയ്യുന്ന മഴയുണ്ട്. ഇപ്പോഴും നമുക്ക് ഒരു മഴ ഉത്സവമില്ല. മഴയെ നാം കുടയും കാറ്റും വെള്ളവും മറ്റുമായാണ് അറിയാൻ ശ്രമിക്കുന്നത് .മഴ നൽകിയ അനുഭൂതിയെ മറക്കുകയാണ്. ഇന്ന് ഭൂരിപക്ഷം കുട്ടികൾക്കും മഴയിൽ ,കാറ്റിൽ താഴെ വീണ മാങ്ങ പെറുക്കിയെടുത്ത അനുഭവമുണ്ടാകില്ല .ആലിപ്പഴം ശേഖരിച്ച ഒരു തലമുറയുണ്ടായിരുന്നു. പെട്ടെന്ന് അലിഞ്ഞുപോകുന്ന ആലിപ്പഴത്തിൽ അവർ കവിത കണ്ടു. അതാണ് സ്വപ്നാത്മകമായ കാവ്യഭാവനയുടെ ലൗകികവും പ്രായോഗികമായ തലം. 

അമെരിക്കൻ സോഷ്യലിസ്റ്റ് എഴുത്തുകാരനായ ആഷ്ലി സ്മിത്ത് എഴുതി:'ജീവിതം എത്ര സുന്ദരമാണ്!.അത് നോക്കൂ. മൂളുന്ന തേനീച്ചകളെ ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണണം. മഴയുടെ മണം പിടിക്കണം. കാറ്റിനെ അറിയണം. ജീവിതത്തെ അതിൻ്റെ പൂർണതയിൽ ,പരമാവധി സാധ്യതയിൽ അനുഭവിക്കുക. അങ്ങനെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുക.' ഭൗതികജീവിതത്തിന്റെ മെച്ചപ്പെടൽ കൊണ്ടുമാത്രം എല്ലാം പൂർണമാകില്ല. കുറേക്കൂടി നമുക്ക് ജീവിക്കാം .നമുക്ക് സാധ്യമായ എല്ലാ വഴികളിലും സാഹസികതകളിലും രുചികളിലും നിറങ്ങളിലും ഇഴുകിച്ചേർന്നുകൊണ്ട്.

മഴക്കാലം 

2005 ൽ പത്രപ്രവർത്തകൻ  ടോം ജെ മങ്ങാട്ട് എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തെക്കുറിച്ച് ഈ സന്ദർഭത്തിൽ എഴുതാതിരിക്കുന്നത് ശരിയല്ല. ഒരു മഴയാത്രയില്ലാത്ത ,മഴഗാലറിയില്ലാത്ത ,മഴസാഹിത്യമില്ലാത്ത, മഴനോവലില്ലാത്ത മലയാളത്തിനു ഒരു മഴ ആസ്വാദനം ,മഴവിമർശനം ,മഴഛന്ദസ്സ് ഉണ്ടെന്നു തെളിയിച്ച ആദ്യപുസ്തകമാണിത് .'മഴക്കാലം' (ഡിസി)എന്നാണ് പുസ്തകത്തിൻ്റെ പേര്. മഴയെ നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്ത കവികളുടെയും എഴുത്തുകാരുടെയും മഴക്കുറിപ്പുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വാൻഗോഗിൻ്റെ 'ബ്രിഡ്ജ് ഇൻ ദ് റെയിൻ' എന്ന പെയിൻ്റിംഗാണ് കവർ ചിത്രമായി ഉപയോഗിച്ചത് .ആറ്റിൽ മഴ പെയ്യുന്നത് നോക്കി പാലത്തിൽ നിൽക്കുന്നവരുടെ ചിത്രമാണ് ആദ്യ പേജിലുണ്ടായിരുന്നത്. അതോടൊപ്പം ഇടശ്ശേരിയുടെ ഈ വരികളുമുണ്ടായിരുന്നു:
'ഇടവപ്പാതിപ്പാതിരയാണിടിയും
മഴയും പൊടിപൂരം 
പുരമുറ്റത്തെപ്പുളിമാവിൻ മേലൊരു ഗന്ധർവ്വൻ പാടുന്നു,
അറബിക്കടലിൻ മുറുകും തന്ത്രികളാരോ മീട്ടുവതോടൊപ്പം.'

ഈ പുസ്തകത്തിൽ മൂന്നു ഭാഗങ്ങളുണ്ട്. ഒന്ന് ,ഋശ്യശൃംഗൻ്റെ പുസ്തകം .രണ്ട് ,മഴപുരാണം.മൂന്ന് ,മഴയുടെ രഹസ്യങ്ങൾ .മഴപുരാണം  എന്ന് ഭാഗത്ത് എൻ്റെ ലേഖനവും ചേർത്തിരിക്കുന്നു.'മഴ: അറിയത്തക്കതല്ലാത്ത ആവിർഭാവം ' എന്ന പേരിൽ എഴുതിയ ആ ലേഖനത്തിൽ ഇങ്ങനെ വായിക്കാം:  'മാനവികമായ പുരാതനത്വത്തിന്റെ വഴിയിലൂടെ നടന്ന് മഴ പുരാതനരുടെ  സംഭാഷണങ്ങളെ നമുക്ക് കേൾപ്പിച്ചു തരുന്നു. ഭൂമി തുറക്കുമ്പോൾ നമ്മുടെ ഓർമ്മകൾക്ക് അലയാൻ ഒരു വഴിയും നിഷിദ്ധമല്ല. അതുപോലെ, മഴയുടെ പ്രത്യേകമായ സ്തോത്രാലപനം, മനുഷ്യർക്ക് പരേതരെക്കുറിച്ചുള്ളതാണ്. പരേതർക്ക് സംസാരിക്കാനുള്ള മാധ്യമമായി മഴയ്ക്കേ മാറാനാകൂ. മഴയിൽ ,നമ്മെ എന്നോ മറന്ന, ഉപേക്ഷിച്ച ,അതേസമയം നമ്മെക്കുറിച്ച് അറിയാൻ താല്പര്യമുള്ള ആരോ ഒരു കൂട്ടം പേർ വന്ന് വിഹരിക്കുന്നുണ്ട്. മഴയുടെ പ്രത്യക്ഷതയ്ക്കപ്പുറമുള്ള അദൃശ്യതയുടെ ലോകമാണത്.'

മഴ കലാകാരൻ ഉൾക്കൊള്ളുന്നത് അതിൻ്റെ വൈകാരികവും കലാപരവുമായ പ്രാതിഭാസിക തലത്തിലാണ്.'മഴയുടെ ജ്വാലകൾ' എന്ന പേരിൽ കാക്കനാടൻ എഴുതിയ കഥ ഓർക്കണം .മഴ ജീവിതത്തെക്കാൾ വലിയ പ്രതിഛായ നേടുകയാണ്. മനുഷ്യാസ്തിത്വത്തിൻ്റെ  കണ്ടെത്തലാണത്. എഡിറ്റർ ടോം ജെ. മങ്ങാട്ട് എഴുതിയ കുറിപ്പിൽ നിന്ന്: 'മൺസൂൺ ഒരു മഹാത്ഭുതമാണ്. പ്രവചനാതീതമായ ഒരു പ്രതിഭാസം .അത് സുന്ദരമാണ് ,വശ്യമാണ്. ഒപ്പം ഭീകരവും. അതിനായി നമ്മൾ ഒരു വേനൽക്കാലം മുഴുവൻ കാത്തിരിക്കുന്നു.മൺസൂൺ പോയി മറയുമ്പോൾ വീണ്ടും നമ്മൾ കാത്തിരിക്കുന്നു, മഴ പെയ്യുന്ന ദിനങ്ങളെ സ്വപ്നം കാണുന്നു. പേക്കാച്ചി തവളകളുടെ രാപ്പാട്ടുകൾക്ക് കാതോർക്കുന്നു.കളിവള്ളമുണ്ടാക്കി മഴയിലൊഴുക്കിയ ദിനങ്ങളെ സ്നേഹിക്കുന്നു.മൺസൂൺ പിന്നെ തുലാവർഷമായി മാറുന്നു.'

മഴയുടെ നാനാവർണങ്ങൾ 

തകഴി 'അന്നത്തെ മഴ' എന്ന ലേഖനത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:' മിഥുനം, കർക്കടകം മാസങ്ങളിൽ ഘോരമഴ പെയ്തിരുന്നു. പേമാരി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. ഉറങ്ങാൻ സുഖമാണ് .ചിങ്ങം ആവുമ്പോൾ ഒട്ടൊരു ശാന്തത അനുഭവപ്പെടും.' മഴയുടെ അനുഭവം ബഹുസ്വരമാണ്, നാനാവർണങ്ങൾ അതിലടങ്ങിയിരിക്കുന്നു. അത് ഓരോരുത്തരെയും ഓരോ തരത്തിൽ ഈ ലോകത്തോട് ബന്ധിപ്പിക്കുന്നു. സുഗതകുമാരി എഴുതുന്നത് ഇങ്ങനെയാണ്:'രാത്രിയിൽ മുറ്റത്ത് വന്നിരുന്ന് അഴിച്ചിട്ട മുടിയുമായി തേങ്ങിത്തേക്കിക്കരയുന്ന രാത്രിമഴയാണ് എനിക്കേറെ പരിചിതം.'

മഴ അതീതമാണ്. അത് സറിയലിസമാണ്. എന്നു പറഞ്ഞാൽ ,മനസിൽ എന്തു തോന്നുന്നുവോ അതിനോടുള്ള പ്രതികരണമാണ്. ഒരു വസ്തുവിനെ കാണുന്ന മാത്രയിൽ മനസിൽ പതിയുന്ന ബിംബത്തെ ഓർത്തെടുക്കുന്ന കലയാണത് . എന്നാൽ ദുഃഖിതരെ മഴ സാന്ത്വനിപ്പിക്കുന്നുണ്ട്. ആരോടും കടപ്പെടാതെ മഴ നനയാം. മഴവെള്ളം ശേഖരിക്കാം. അത് ആകാശം തരുന്നതാണ്. 'മഴയത്ത് നടക്കാനാണ് എനിക്കിഷ്ടം .എന്തെന്നാൽ അപ്പോൾ ഞാൻ കരയുന്നത് ആരും കാണുകയില്ലല്ലോ' എന്ന പറഞ്ഞ ചാർളി ചാപ്ലിന്റെ മനസ്സിൽ മഴ അമ്മയായിരുന്നിരിക്കണം.മാറോട് ആശ്ളേഷിച്ച് എല്ലാ സങ്കടങ്ങളെയും സാന്ത്വനിപ്പിക്കാൻ ആരുമില്ലാത്തവർക്ക് മഴയുണ്ട് ; കാരുണ്യവർഷം. അതിൽ നിറയാം, ഉൾവലിയാം ,സ്വയം ഒളിക്കാം, പരിതപിക്കാം ,മറക്കാം. മഴയോട് ദേഷ്യപ്പെടരുതെന്നാണ് റഷ്യൻ - അമെരിക്കൻ നോവലിസ്റ്റ് വ്ളാഡിമിർ നബോക്കോക്കോവിൻ്റെ അഭിപ്രായം. അതിനു നിർബാധം താഴേക്ക് പതിക്കാനേ അറിയൂ, മുകളിലേക്ക് പോകാനറിയില്ല .

ഇൻസ്റ്റഗ്രാമിലെ ഒരു റീലിൽ വായിച്ച വരികൾ ഓർക്കുകയാണ് .ഇത് എഴുതിയത് ആരാണെന്നറിയില്ല.
'ഒരു വെള്ള മന്ദാരം,
ഒരു ചാറ്റൽ മഴ. അടർന്ന ഹൃദയത്തിൻ അടിത്തട്ടിൽ നിന്ന് 
എന്നാ മറന്നുപോയ
ഒരു ചെറു പുഞ്ചിരി.
നീയാമാത്രയിൽ എൻ്റെ നീർമിഴികളിലെ
ശിശിരം. 
ഇവയ്ക്കിന്നൊരു ദ്വയാർത്ഥമില്ല.
ഒരർത്ഥം മാത്രം
ഞാൻ നിന്നെ ഇന്നും 
അഗാധമായ് പ്രണയിക്കുന്നു.'

പ്രണയിക്കുമ്പോൾ മഴയും ഒപ്പമുണ്ടാകുന്നുവെന്ന ചിന്തയാണിത്. പ്രണയം വിരഹികൾക്കും കമിതാക്കൾക്കും ഓർമ്മകളാണ് കുടഞ്ഞിടുന്നത്.ദൂരെ നിന്നു ഇരച്ചെത്തുന്ന മഴയുടെ ശബ്ദം ആരെയാണ് പ്രലോഭിക്കാത്തത്? ഗ്രാമങ്ങളിലാണ് അത് ആസ്വദിക്കാനാവുക.നഗരങ്ങളിൽ പലതരം ശബ്ദങ്ങൾ കൂടിച്ചേർന്ന് ഒരു രമ്യതയിൽ എത്തിച്ചേരാനാകാതെ പോകുന്നു .ദൂരെ നിന്നു വരുന്ന മഴയുടെ ശബ്ദം അതിഭൗതിക ലോകത്തിൻ്റെ ആരവം പോലെ തോന്നും. പിറവിയിലേക്ക് പാഞ്ഞെത്തുന്ന അനേകം ജീവികളുടെ സംഘാരവമോ?

മഴ നനഞ്ഞു ,സ്നേഹത്തിൽ അലിഞ്ഞു നടക്കണമെങ്കിൽ നല്ല ഏകാഗ്രത വേണം. യാന്ത്രികമായ ജീവിതത്തിന്റെ മുരൾച്ചയിൽ നിന്ന് അകന്നു മാറി സ്വച്ഛമായ ഒരിടം തേടുന്നവർ ഇന്നുമുണ്ട്. എല്ലാവരും യാന്ത്രികജീവിതത്തിലേക്കും നഗരവൽക്കരണത്തിൻ്റെ സുഖങ്ങളിലേക്കും എത്തിച്ചേർന്നിട്ടില്ല. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വിജനതകളിലേക്കും പോകുന്നവരുണ്ട്. അമെരിക്കൻ കവി ഇ.വി. കമ്മിംഗ്സിൻ്റെ ഒരു സറിയലിസ്റ്റ് കവിത ഇങ്ങനെയാണ്:
'നിൻ്റെ കണ്ണുകളുടെ ശബ്ദം 
എല്ലാ റോസാപ്പൂക്കളേക്കാൾ അഗാധമാണെന്നു 
എൻ്റെയുള്ളിലിരുന്നു ആരോ മന്ത്രിക്കുന്നുണ്ട് .
മഴയ്ക്ക് പോലും ഇത്രയും ചെറിയ കരങ്ങളില്ല.'

എല്ലാ നിശ്ശബ്ദതകളുടെയും അടിയിലുള്ള ശബ്ദം പ്രേമമാണെന്നറിഞ്ഞ കവിയാണദ്ദേഹം . മൗനമായിരിക്കുന്നിടത്തെല്ലാം വിശുദ്ധവും വിവേകിയുമായ പ്രേമം സ്പന്ദിക്കുന്നു. പ്രേമമുണ്ട് എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും പ്രതീക്ഷ നൽകുന്നത്. പ്രേമത്തിനു പകരം ഒന്നും കൊടുക്കേണ്ടതില്ല; പണത്തിനും സേവനത്തിനും പകരം കൊടുക്കണം. അതുപോലെയാണ് മഴയിൽ അലഞ്ഞ, ആർത്തിരമ്പിയ സ്നേഹങ്ങളും. അത് മഴയുടെ ഓർമ്മകളോടൊപ്പം, മരണമില്ലാതെ രാത്രിയിൽ സംഗീതമാലപിക്കുന്ന ചെറുപ്രാണികൾക്കൊപ്പം സഞ്ചരിക്കുന്നു.


രജതരേഖകൾ 

1)അന്തരിച്ച ചലച്ചിത്ര സംവിധായകൻ ഷാജി എൻ കരുണിനെ എം.സി. രാജനാരായണൻ അനുസ്മരിക്കുന്നു - 'സിനിമ ജീവിതം തന്നെയായിരുന്നു'(കലാപൂര്‍ണ, ഓഗസ്റ്റ്) എന്ന ലേഖനത്തിൽ .ഷാജിക്ക് പ്രിയപ്പെട്ട ഇന്ത്യൻ സംവിധായകൻ സത്യജിത് റായിയാണ്, ഷാജിയുടെ 'പിറവി' എന്ന സിനിമ ഒരു   ചരിത്രസംഭവമാണ് തുടങ്ങിയ പ്രധാന കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട് .

2)ഇന്ത്യൻ സിനിമയിൽ നിശ്ശബ്ദത അപ്രത്യക്ഷമായിരിക്കുകയാണ്. സത്യജിത് റായി ,അടൂർ ഗോപാലകൃഷ്ണൻ ,അരവിന്ദൻ , ഷാജി എൻ കരുൺ തുടങ്ങിയവരുടെ ചിത്രങ്ങളിലെ പ്രധാന പ്രമേയം നിശ്ശബ്ദതയായിരുന്നു .മനുഷ്യൻ അവനിലേക്ക് തിരിയുന്ന നിമിഷങ്ങൾ പകർത്തുക എളുപ്പമല്ല. അതിനാണ് ആ സംവിധായകർ ക്യാമറയ്ക്ക് വെളിയിൽനിന്ന് വസ്തുക്കൾ ശേഖരിച്ച് ക്യാമറയ്ക്കുള്ളിലേക്ക് പോയത്. 

3)മലയാളകവിതയിൽ ഉന്നതമായ ആശയവും ഭാവനയും കുറയുമെന്നു കണ്ടാൽ വിദേശരചനകളിൽ അഭയം തേടാം. നല്ല പരിഭാഷകളും വായിക്കാം. രവികുമാർ പരിഭാഷപ്പെടുത്തിയ 'എന്തിന് നക്ഷത്രങ്ങൾ'(കലാപൂർണ ,ഓഗസ്റ്റ് ) ബംഗാളി കവി ജീബനാനന്ദദാസ് രചിച്ചതാണ്. ജീവതത്ത്വപരമായ ,വസ്തുവിൻ്റെ ഉണ്മയെ സംബന്ധിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുകയാണ് ഒരു കവിയുടെ ധർമ്മം. ഈ വരികൾ അത് സ്പഷ്ടമാക്കുന്നു.

'എന്തിന് പുതുമഴ പൊടിയെ ചുംബിക്കുമ്പോൾ
മണ്ണിൻ്റെ മണമതിൽ നിന്നുയരണം,
എന്തിന് കാശപ്പൂവുകൾ 
കൂട്ടത്തോടെ പൂക്കണം ?
എന്തിനു വാലാട്ടിക്കിളികൾ നൃത്തച്ചുവടുവയ്ക്കണം ?
ബുൾബുളും തുന്നാരവും 
കാടുകൾ ചുറ്റിപ്പറക്കണം?
നമുക്കഭിവൃദ്ധിപ്പെടാൻ നഗരങ്ങളും തുറമുഖങ്ങളും മതിയെങ്കിൽ
നമ്മുടെ കാലടിയിലമരാൻ
മാത്രമുള്ളതാണ് പുല്ലെങ്കിൽ ,
എന്തിന് വാലാട്ടിക്കിളികൾ 
നൃത്തം വയ്ക്കണം?
എന്തിന് ബുൾബുളുകൾ കാടുകളിൽ പറന്നു നടക്കണം?'

4)ജെ.കെ. റൗളിങ്ങിന്റെ പ്രശസ്തമായ 'ഹാരി പോട്ടർ' എന്ന കൃതി പന്ത്രണ്ട് പ്രസാധകർ തള്ളിക്കളഞ്ഞതാണ്.  പ്രസാധകർ പുസ്തകം പ്രസിദ്ധീകരിക്കാനും തള്ളിക്കളയാനുമുള്ളവരാണ്. 

5) രാജീവ് ജി. ഇടവയുടെ 'ആനന്ദച്ചാവ് '(ഗ്രന്ഥാലോകം ,ആഗസ്റ്റ് )എന്ന കൃതി ഈ കാലത്തിൻ്റെ ഗതികേടും വൈപരീത്യവും തുറന്നു കാട്ടുകയാണ്.  അമ്മയുടെ പേര് മറന്നു പോകുന്ന മകൻ്റെ കഥയാണിത്. എന്തൊരു വിധിയാണ്! മനുഷ്യൻ പാപം ചെയ്യാൻ വിധിക്കപ്പെടുന്നവനാണെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് ഈ കഥ.

6)അന്തരിച്ച കഥാകത്ത് ടി.ആർ ഏകാകിയും ആവിഷ്ക്കാരത്തിൽ നിഷേധിമായിരുന്നു. തൻ്റെ കഥകൾ തനിക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ടി.ആർ പറഞ്ഞാലും അത്ഭുതപ്പെടാനില്ല .'ജാസക്കിനെ കൊല്ലരുത്' എന്ന കഥ ഇന്നത്തെ നിലയ്ക്ക് വളരെ സ്വതന്ത്രമാണ്. കെ. എൻ .ഷാജി എഴുതിയ ലേഖനത്തിൽ (മൗലികമായ ഒരു പതാക, മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ്‌ 2) ഇങ്ങനെ വായിക്കാം:
'മലയാളകഥയുടെ പ്രസക്തവും ചൈതന്യവത്തുമായ പൈതൃകം ,ടി ആറിനെ പോലെ ധിക്കാരികളും സർഗധനരുമായ എഴുത്തുകാർ സൃഷ്ടിച്ച ഭാവുകത്വം കൂടിയാണെന്ന് കാലം വിലയിരുത്തും.'

7)സാഹിത്യത്തിലും കലയിലും സിനിമയിലും സ്വന്തം നിലയിൽ പൊരുതുകയും വ്യവസ്ഥകളെ എതിരിട്ട് മൗലികമായ ശബ്ദം കേൾപ്പിക്കുകയും ചെയ്ത ഒരു കൂട്ടം എഴുപതുകളിലും എൺപതുകളിലുമാണുണ്ടായിരുന്നത്.  കലയുടെ പേരിൽ അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പോകാത്തവരെ കാണാനും  ആ കാലത്തേക്ക് നോക്കണം. അക്കിത്തം ,അയ്യപ്പപ്പണിക്കർ തുടങ്ങിയവരെ ഓർക്കുകയാണ്. 

8)ഈ ലോകത്തെ ഞെട്ടിക്കുന്ന ഒരു പ്രസ്താവന ചെയ്തത് 2004 ൽ നോബൽ സമ്മാനം നേടിയ ഓസ്ട്രിയൻ എഴുത്തുകാരി യെൽഫ്രീഡ് യെൽനക് ആണ്. അവർ എഴുതി:
'ഓരോ ദിവസവും ഒരു സംഗീതശില്പം, ഒരു കഥ ,ഒരു കവിത ഇവിടെ മരിക്കുന്നു. എന്തുകൊണ്ടെന്നാൽ  ഇവയുടെ അസ്തിത്വം ഈ കാലത്ത് ഒട്ടും നീതീകരിക്കപ്പെടുന്നില്ല. അനശ്വരമെന്ന് കരുതിയിരുന്നത് ഇന്ന് നശ്വരമായിരിക്കുന്നു; ആരും തന്നെ അതൊന്നും ശ്രദ്ധിക്കുന്നില്ല. അത് ജീവിക്കേണ്ടതാണെങ്കിൽ പോലും.'

9)സിനിമയ്ക്ക് വേണ്ടി നടീനടന്മാരെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ ഭരതൻ്റെ ബുദ്ധിയാണ് അപാരം .ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭരതൻ ഒരാളെ തിരഞ്ഞെടുക്കുന്നത് പ്രേക്ഷകരെ ഞെട്ടിക്കും .ഒരു കണ്ടെത്തലും അത്ഭുതവുമായിരിക്കും അത്. ജയഭാരതി (സന്ധ്യമയങ്ങും നേരം ,മാധവി (ഓർമ്മയ്ക്കായി), പ്രേംനസീർ (പാർവ്വതി),സോമൻ (അണിയറ)മമ്മൂട്ടി(കാതോടു കാതോരം), മോഹൻലാൽ (താഴ്വാരം),ഗോപി, ശ്രീവിദ്യ (കാറ്റത്തെ കിളിക്കൂട് )അരവിന്ദ് സ്വാമി (ദേവരാഗം),നെടുമുടി വേണു (മർമ്മരം). ഇതുപോലെ കൃത്യമായ കാസ്റ്റിംഗ് നടത്താൻ ഭരതനെ പോലെ കഴിവുള്ളവർ തീരെ കുറവാണ് .


aksharajalakam

എം.കെ. ഹരികുമാറിനു കൃതി സ്റ്റേറ്റ് അവാർഡ്/2005

 എം.കെ. ഹരികുമാറിനു മലയാള സാഹിത്യ അക്കാദമിയുടെ കൃതി സ്റ്റേറ്റ് അവാർഡ് (സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ളത് )കഴക്കൂട്ടം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ മധുപാൽ സമ്മാനിക്കുന്നു.കെ.പി. രാമനുണ്ണി, ഡോ.സി.ഗണേഷ് ,എച്ച്മിക്കുട്ടി ,ഗംഗാറാണി, ഡോ.അശോക് ഡിക്രൂസ് എന്നിവർ പങ്കെടുത്തു.

 



 



Monday, August 25, 2025

നോവൽ തെറാപ്പി /എം.കെ.ഹരികുമാർ

 

അക്ഷരജാലകം 




നോവൽ തെറാപ്പി എന്ന ഒരു മേഖല രൂപപ്പെടുകയാണെന്നു തോന്നുന്നു. സംഗീതത്തിലൂടെ രോഗശാന്തി തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗികളെയും മാനസികനില തെറ്റിയവരെയും സംഗീതത്തിലൂടെ പരിചരിക്കാറുണ്ട്. സംഗീതം ഇതരജീവികളിലും ആന്തരിക ചലനങ്ങളുണ്ടാക്കുമെന്നു നിരീക്ഷണങ്ങളുണ്ട്. നോവൽ തെറാപ്പി എന്നു പറഞ്ഞത് പുതിയ തെറാപ്പി എന്ന അർത്ഥത്തിലല്ല ;നോവൽ വായനയിലൂടെ ഒരു തെറാപ്പി സാധ്യമാകുന്നു എന്ന ധാരണയിലാണ്.മനസ്സിനു ഉത്തേജനം നല്കുന്ന പുസ്തകങ്ങളുണ്ട് .അക്കൂട്ടത്തിൽ നോവലുകളുണ്ട് .റിച്ചാർഡ് ബാക് എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ',പാവ്ലോലോ കൊയ്ലോയുടെ 'ആൽക്കമിസ്റ്റ്',വിക്ടർ ഫ്രാങ്ക്ലിന്റെ ഓർമ്മക്കുറിപ്പുകളടങ്ങിയ 'മാൻസ്  സേർച്ച് ഫോർ മീനിംഗ്',തോറോയുടെ കാടോർമ്മകൾ വിവരിക്കുന്ന 'വാൽഡൻ',റോമാ ചക്രവർത്തിയായിരുന്ന മാർകസ് ഒറേലിയസിൻ്റെ 'മെഡിറ്റേഷൻസ്', ചൈനീസ് നോവലിസ്റ്റ് യു ഹുവയുടെ  'ക്രോണിക്കിൾ ഓഫ് എ ബ്ലഡ് മർച്ചന്റ്',ഖലിൽ ജിബ്രാന്റെ ജീവിതസാരത്തെ പരാമർശിക്കുന്ന 'ദ് പ്രോഫറ്റ്' തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു തെറാപ്പിയായി കാണാവുന്നതാണ്. വായനയുടെ വേളയിൽ ആശ്വാസം ലഭിക്കും. നോവൽ വായനയിലൂടെ ആത്മശാന്തിയും സംഗീതബോധവും നേടാനാഗ്രഹിക്കുന്നവർക്ക് ഇ.പി. ശ്രീകുമാറിന്റെ 'സ്വരം'(ഡിസി) വായിക്കാം.

കുട്ടിക്കാലം മുതലുള്ള സംഗീതപഠനവും തൻ്റെ അച്ഛൻ്റെ ഓർമ്മ നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ചിന്തകളും ഈ കൃതി എഴുതാൻ പ്രേരിപ്പിച്ചതായി അദ്ദേഹം കുറിക്കുന്നുണ്ട്: 'പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും സ്വാധീനിക്കാൻ കഴിവുള്ള ,നിയന്ത്രിക്കാൻ കഴിയുന്ന സംഗീതം എന്ന മഹാപ്രതിഭാസത്തെ മനസ്സിലാക്കി. അങ്ങനെ അനേകകാലം കൊണ്ട് ശേഖരിച്ച വിവരങ്ങളും അറിവിലേക്ക് ചേർത്ത അനുഭവസാക്ഷ്യങ്ങളും എന്നിലെ സംഗീതചിന്തകൾ അതിരില്ലാതെ വളരുവാനും തനത് സംഗീതസങ്കൽപ്പനങ്ങൾ രൂപപ്പെടുവാനും ഇടയാക്കി.ആ സങ്കല്പങ്ങളിൽ ശ്രുതിയും രാഗവും താളവും ലയവും എനിക്ക് മാത്രം പ്രാപ്യമായ സവിശേഷ പൂർണഭംഗിയാർജിച്ചു.' ഓർമ്മകളെ ശുദ്ധികരിക്കാനും സംഗീതത്തിനുള്ളിലെ സംഗീതം അറിയാനുമാണ് ഈ നോവൽ രചിച്ചത് .നോവൽ എഴുതുന്നതും തെറാപ്പിയാണെന്നു ഇതിലൂടെ തെളിയുകയാണ്.സംഗീതത്തിൽ അഭിനിവേശമുള്ളവർക്ക് 'സ്വരം' ആദ്യന്തം രസാനുഭവമായിരിക്കും. എന്നാൽ സംഗീതപാണ്ഡിത്യമില്ലാത്തവർക്ക്, അത്  ആസ്വദിക്കാൻ മനസ്സുള്ളവർക്ക് ഇത് നല്ല ഓർമ്മകൾ സമ്മാനിക്കും.

മറവിയുടെ നിർമ്മാണം 

മനുഷ്യമനസ്സിലെ ഓർമ്മകൾ പഠന വിഷയമാണ്. എത്ര പഠിച്ചാലും തീരില്ല. ഓർമ്മകൾ ഇല്ലാതാകുന്നത്  തലച്ചോറിലെ കോശങ്ങൾ നഷ്ടപ്പെടുന്നതുകൊണ്ടാണെന്നു പറയുന്നത് ശാസ്ത്രീയ വിശദീകരണമാണ് .എന്നാൽ അതിനപ്പുറം മനുഷ്യമനസ്സ് പിൻവാങ്ങുന്നതിൻ്റെ സൂചനകളായി അതിനെ കാണാവുന്നതാണ്. ജീവിതത്തിൽ കാര്യമായൊന്നും ചെയ്യാനില്ലാതെ വരുമ്പോൾ ജീവിതപ്രേമം കൊണ്ടുനടന്ന ഒരു മനസ്സ് സാവധാനം തകരും .അത് തലച്ചോറിനെ ബാധിക്കുമെന്നു പറയുന്നത് രസാവഹമായിരിക്കില്ല. ഒരു പിൻവാങ്ങലിനുള്ള അബോധത്വര മനസ്സിനെ പിന്നോട്ട് വലിക്കുന്നു.പരിചിതമായതിൽ നിന്ന് രക്ഷനേടാൻ തോന്നും. മൗനം അനുവാദമില്ലാതെ മനസ്സിലേക്ക് ഇഴഞ്ഞു താവളം ഉറപ്പിക്കും. ശരീരത്തിനു ക്ഷയമുണ്ടാകുന്നു. നിശ്ചലമായതിൽ നിന്ന് നവോന്മേഷം ഉണ്ടാവുകയില്ല .

ജീവിതം ഒരു ചക്രമാണെന്നു പറയാറുണ്ട്. ജനനം - മരണം എന്ന ചക്രം .എന്നാൽ ജീവിതം യാത്രയുമാണ് .ആ യാത്രയ്ക്ക് ഒരു പ്രചോദനം വേണം. അത് ഒരു വ്യക്തിയാകാം, ഉപാസനയാകാം , കലയാകാം ,സ്വപ്നമാകാം. ഇതെല്ലാം  നഷ്ടപ്പെടുന്നവർ മനസ്സിൽ ദ്രവിക്കുകയാണ് .അവർക്ക് ഭാഷ നഷ്ടപ്പെടുകയാണ് .അവർ പറയുന്നത് വ്യക്തമായി കേൾക്കാമെങ്കിലും അർത്ഥം ആർക്കും ഗ്രഹിക്കാനാവില്ല. അവർക്ക് സംവേദനം ചെയ്യാൻ കഴിഞ്ഞാൽ പോലും അതിനു ആരും വില കൊടുക്കുകയില്ല .ഈ ലോകം പ്രതാപത്തിലും പ്രതികാരത്തിലും അധികാരത്തിലും ഹിംസയിലുമാണ് ചുറ്റിത്തിരിയുന്നത്.തെറ്റു ചെയ്യാത്തവർ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കും. ഓർമ്മകൾ നശിപ്പിക്കാൻ വേണ്ടിയാണ് വീണ്ടും വീണ്ടും ഓർക്കുന്നത് പോലും. ഒരേ കാര്യം തന്നെ ഓർക്കുന്നത് ഓർമ്മ ഇല്ലാതാക്കുകയാണ്.
മറവിയായിരിക്കും നിർമ്മിക്കപ്പെടുക. ഒന്നും ഓർക്കാനില്ലാത്തവർക്ക് മറവി ആശ്വാസമാണ് .എല്ലാം മറക്കുക എന്ന് മനസ്സിൽ പറഞ്ഞു പോകും. 

വസ്തുക്കൾ ആത്മഹത്യ ചെയ്യും

ദൈവ ചിന്തയിൽ, പ്രാർത്ഥനയിൽ എല്ലാ വിഷയങ്ങളിൽ നിന്നും രക്ഷിക്കൂ എന്നാണ് പറയുക. ഈ രക്ഷ ഓർമ്മകളിൽ നിന്നുള്ള രക്ഷയാണ്. നമ്മളിൽ നിന്ന് നോവിക്കുന്ന ഓർമ്മകൾ മാത്രം എടുത്തു മാറ്റാൻ പ്രകൃതിക്കു താത്പര്യമില്ല .നമ്മൾ ആവശ്യപ്പെടുന്നത് അതേപടി പ്രകൃതി മനസ്സിലാക്കണമെന്നില്ല .ഓർമ്മകൾ എന്നു പറയുമ്പോൾ അതിൽ നല്ലതും  ചീത്തയുമെല്ലാം ഉൾപ്പെടും. ഇതിനു തെളിവെന്നോണം ഒരു ഭാഗം നോവലിലുണ്ട് :'സംഭവങ്ങളെ ശ്രദ്ധയോടെ ഓർമ്മയിൽ സൂക്ഷിക്കാതിരുന്നാൽ അവ ക്രമേണ നശിക്കുന്നു .ഷെൽഫിൽ വെച്ചിട്ടുള്ള വസ്തുക്കൾ ഇടയ്ക്കൊക്കെ എടുത്ത് ഉപയോഗിച്ചില്ലെങ്കിൽ അവയുടെ തിളക്കം നഷ്ടപ്പെടുകയോ അവ കേടുവരികയോ ചെയ്യില്ലേ? പുതിയ ഓർമ്മകൾ പഴയവയെ മറക്കാൻ നിർബന്ധിക്കും. ഓർമ്മകളെ നാം കോഡ് രൂപത്തിൽ സൂക്ഷിക്കുന്നതുകൊണ്ട് ചിലത്  തിരിച്ചെടുക്കാൻ കഴിയാതെ വരും.' ഇതിൽ നിന്ന് നോവലിസ്റ്റ് ഓർമ്മകളുടെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രത വ്യക്തമാണ്.

ഏതൊരു വസ്തുവിലും നമ്മുടെ ശ്രദ്ധ ചെന്നില്ലെങ്കിൽ ജീവിതത്തോടുള്ള വിമുഖത പ്രകടിപ്പിക്കും .അത് മങ്ങിപ്പോകും. അത് ആത്മഹത്യ ചെയ്യും. നാം ജീവൻ കൊടുക്കുന്നതുകൊണ്ടാണ് നമ്മുടെ പരിസരവും വാക്കുകളും ചലിക്കുന്നത്. അല്ലെങ്കിൽ അതെല്ലാം മൃതാവസ്ഥയെ ഓർമ്മിപ്പിക്കും .നമുക്ക് ജീവിതം വേണമെങ്കിൽ നാം  ചുറ്റുമുള്ളവയെയും ജീവിപ്പിക്കണം. അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

അമെരിക്കൻ നോവലിസ്റ്റ് റിച്ചാർഡ് ബാക് എഴുതി: 'നിങ്ങളുടെ മനസ്സിനെ മാറ്റിമറിക്കാൻ നിങ്ങൾക്ക് സ്വാതന്ത്യമുണ്ട്, ഒരു പുതിയ ഭാവിയോ  വ്യത്യസ്തമായ ഒരു ഭൂതകാലമോ തിരഞ്ഞെടുക്കാൻ. നാം നമ്മുടെ ഭൂതകാലം തിരഞ്ഞെടുക്കുന്നത് വലിയ ഒരു ആശയമാണ് .ഓരോ ഓർമ്മയും ഓർക്കും തോറും മാറുകയാണ്. മാർസൽ പ്രൂസ്തിൻ്റെ ഒരു വാക്യമുണ്ട് .ഓരോന്നും നാം ഓർക്കുമ്പോൾ അത് ആരംഭത്തിൽ, ഭൂതകാലത്തിൽ എങ്ങനെയായിരുന്നുവോ അതിൽ നിന്ന് വ്യതിചലിചാരിക്കുമെന്ന് . 

എന്തും സoഗീതമായി കാണുന്ന നോവലിസ്റ്റ് ഇങ്ങനെ കുറിക്കുന്നു:'പണ്ട് ഞാൻ, നന്നായി കൂർക്കം വലിച്ചിരുന്ന അമ്മാവൻ്റെ കൂർക്കംവലി ശ്രുതി അളന്നു.അത് ഒന്നരക്കട്ടയായിരുന്നു. ഉച്ചത്തിൽ മാത്രം സംസാരിച്ചിരുന്ന ബാധിര്യം ബാധിച്ച അമ്മായി മൂന്നു കട്ട ശ്രുതിയിലാണ് സംസാരിച്ചിരുന്നത്. അമ്മാവൻ്റെ ഉറക്കത്തിൽ അരികിലിരുന്നു കുറേനേരം രണ്ടുകട്ട  ശ്രുതിയിട്ടപ്പോൾ കൂർക്കംവലി രണ്ടു  കട്ടയിലേക്ക് മാറി.'

എല്ലാ വികാരങ്ങളുടെയും ആന്തരിക ധ്യാനം 

നമ്മുടെയൊക്കെ ജീവിതം ഓരോ ശ്രുതിയിലാണ്. അത് ഓരോ ഒറ്റയടിപ്പാതയായി നീളുകയാണ്. സമാന്തരങ്ങൾക്കിടയിൽ മൗനം ഘനീഭവിക്കുകയാണ്. സംഭാഷണങ്ങളുടെ അദൃശ്യത . അനുഭവങ്ങളുടെ അസ്പൃശ്യത. എന്തെന്നാൽ വ്യക്തിഗതമായി ഹൃദയത്തിലാണ് സംഗീതമുള്ളത്. അത് ഒരാളുടേതാണ്.ഛാന്ദോഗ്യോപനിഷത്തിൽ ഹൃദയത്തെ നിർവ്വചിക്കുന്നുണ്ട്. ഹൃദയത്തിലാണ് ആത്മാവുള്ളത്. ഹൃദി  അയം എന്നതാണ് ഹൃദയത്തിൻ്റെ നിർവ്വചനം .ഹൃദയത്തിൽ ഇതാ ആത്മാവ് എന്നാണർത്ഥം. സ്വഹൃദയത്തിലാണ് ആത്മാവുള്ളതെന്നു അറിയാനുള്ള ഉപാധിയാണ് സംഗീതം. അതുകൊണ്ട് ഹൃദയാകാശത്തെ കാമിക്കുന്നവൻ ബ്രഹ്മത്തെ അനുഭവിക്കുന്നു. സംഗീതം പ്രാപഞ്ചികമായ ലയമാണ്. എല്ലാ വികാരങ്ങളുടെയും ആന്തരികധ്യാനമാണ്.ശബ്ദത്തിലാണ് സംഗീതം .ഓം എല്ലായിടത്തുമുണ്ട്.  അതാണ് ബ്രഹ്മം.എന്നാൽ അത്  സംഗീതമായി എല്ലാവരും അനുഭവിക്കുന്നില്ല. അത് ഹൃദയത്തിലുള്ളതായി പലരും  അറിയുന്നില്ല.

സംഗീതം ഓർമ്മയിൽ നിന്നാണ് പിറക്കുന്നതെന്ന അറിവിൽ നോവലിസ്റ്റ് മനുഷ്യത്വത്തെയാണ് തേടുന്നത് .അസ്തിത്വത്തിൻ്റെ അതിഗഹനമായ അടരുകളിലേക്ക് യാത്ര ചെയ്യുകയാണ് ലക്ഷ്യം. അതിനായി ഓർമ്മ, മറവി ,സംഗീതം എന്നിവയെ ആശ്രയിക്കുന്നു. മനുഷ്യനു ഒന്നും ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, സംഗീതം സ്വാധീനിക്കുമോ? സംഗീതം അബോധത്തിലാണുള്ളതെങ്കിൽ അതിൻ്റെ സൂചന തരുമോ ?എങ്കിൽ ധ്വനി ഏത് വാക്കിലും തിരയണം. 'ഇരുപത്തിരണ്ട് ശ്രുതികളെപ്പറ്റി സിദ്ധാർത്ഥസർ പറഞ്ഞത് പല ദിവസങ്ങളെടുത്താണ്. ഏത് ശബ്ദവും ധ്വനിയാണെന്നു പറഞ്ഞായിരുന്നു തുടക്കം. ധ്വനിയിൽ നിന്നാണ് നാദത്തിലെത്തുന്നത്. ധ്വനി  സംഗീതാത്മകമാകുമ്പോൾ അത് നാദമാകുന്നു. മണിയടി ശബ്ദം നാദമാണെന്നു പറയാം. ഒരു സ്റ്റീൽ ഗ്ലാസ്സിൽ സ്പൂൺ കൊണ്ടു തട്ടുമ്പോൾ അതും നാദമാകുന്നു. തിരഞ്ഞെടുത്ത നാദത്തിൽ നിന്നും സംഗീതം ഉണ്ടാവുമ്പോഴാണ് ശ്രുതി നാം തിരിച്ചറിയുന്നത്. സപ്തസ്വരസഞ്ചാരത്തിന്മേൽ ഷഡ്ജത്തിനും കീഴ് ഷഡ്ജത്തിനും മധ്യേ അനേകം ഫ്രീക്വൻസികളുണ്ട്. അവയ്ക്കുള്ളിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരം തടസ്സപ്പെടുത്തുന്ന ചില ബിന്ദുക്കളുണ്ട്. ആ മർമ്മങ്ങൾക്ക് നാദങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള കഴിവുണ്ട്. മർമ്മങ്ങളിൽ സ്വരസഞ്ചാരം നിലയ്ക്കുമ്പോൾ അവിടെ തങ്ങി  നിൽക്കുന്ന നാദം കമ്പനം കൊള്ളുന്നത് ശ്രവണേന്ദ്രിയ സിദ്ധിക്ക് കേൾക്കാനാവും. കേവലം 45 മില്ലി സെക്കൻഡ് നേരം മാത്രം കേൾവിയിൽ ഒട്ടിനിൽക്കുന്ന അതിൻ്റെ അനന്യത പ്രത്യേകം തിരിച്ചറിയാനാകും .അതാണ് ശ്രുതി .തിരഞ്ഞെടുത്ത നാദങ്ങളിൽ നിന്നും 22 ശ്രുതികളെ കണ്ടെത്തിയിട്ടുണ്ട് ,സപ്തസ്വരസഞ്ചാരത്തിൽ. ഈ ശ്രുതികളിൽ നിന്നാണ് സ്വരങ്ങൾ ഉണ്ടാകുന്നത് .'

മറവി ഒരു രാഗമാണ് 

ഇങ്ങനെ അപഗ്രഥിക്കുമ്പോൾ സംഗീതത്തിന്റെ സഞ്ചാരപഥം വ്യക്തമാകുന്നു .എന്നാൽ സംഗീതം നമ്മുടെ ലൗകികവും അലൗകികവുമായ അനുഭവങ്ങളെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത് .അസ്തിത്വത്തിൻ്റെ ഒരടി മുകളിൽ വിഹരിക്കാൻ അത്  സഹായിക്കുന്നു.ലോകജീവിതത്തിൻ്റെ , സംസാരത്തിന്റെ ലാഭനഷ്ടങ്ങളോടോ ,മൃതിയോടോ സന്ധിചെയ്യാത്ത മനസ്സിൻ്റെ ആയിത്തീരലാണത് .മനസ്സ് നിശ്ശബ്ദതയുടെ ഒരിടമാണ്. എന്നാൽ അതിൽ മനുഷ്യൻ തൃപ്തനല്ല .അവൻ അപാരതയുടെ രമ്യതയ്ക്ക് വേണ്ടി ദാഹിക്കുന്നു .ആൽഡസ് ഹക്സിലി പറഞ്ഞതുപോലെ ,നിശ്ശബ്ദതയ്ക്ക് ശേഷം പ്രകടിപ്പിക്കാനാവാത്തത് പ്രകടിപ്പിക്കാനായി തൊട്ടടുത്തുള്ളത് സംഗീതമാണ്. 

മൗനം ഒരു ഭാഷയാണ്. മൗനത്തിലും സംഗീതമുണ്ട്. സംഗീതമാകട്ടെ , ശരീരത്തിൻ്റെയും ഇന്ദ്രിയങ്ങളുടെയും ആകാശത്തിൻ്റെയും ഭാഷയാണ് .ഒരു സാകല്യതയാണത്. വാക്കുകളായോ തരംഗങ്ങളായോ നിലനിന്നിട്ടില്ലാത്ത ഒരവസ്ഥയാണത്. ഇതിൻ്റെ സാക്ഷ്യത്തിനു 'സ്വരം' ജീവിതത്തിന്റെ ബോധാബോധങ്ങളിൽ സംഗീതം എങ്ങനെയെല്ലാം സ്വാധീനം ചെലുത്തുന്നുവെന്നു  അന്വേഷിക്കുകയാണ്. മറവിയിലാണ്ടു പോയ മനസ്സിന്റെ സംഗീതത്തിന്റെ വിലോലമായ ഒരു കണം ജീവത്തായ  അനുരണനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നുണ്ടോ എന്നു ചിന്തിക്കുന്നു.

'എന്നിലെ ഓർമ്മകൾ അയഥാർത്ഥമാകുന്നുണ്ടോ, മിഥ്യാസ്മൃതികൾ എന്നിൽ വളർന്നു തുടങ്ങുകയാണോ'എന്നീ ചോദ്യങ്ങൾ ബോധത്തിനപ്പുറമുള്ള മേഖലകൾ ഖനനം ചെയ്യാനുള്ള ഒരു വാതിൽ തുറക്കുകയാണ്. മറവി ഒരു രാഗമാണ്. മറവി വേറൊരു ഓർമ്മയാവും സൃഷ്ടിക്കുക .അതിൻ്റെ സ്വച്ഛന്ദമായ ഒഴുക്കിൽ അസാധാരണമായ സംവാദങ്ങൾ ,കാഴ്ചകൾ സംഭവിക്കുകയാണ് .മനുഷ്യർക്ക് യാഥാർത്ഥ്യത്തിനപ്പുറത്തും ജീവിതമുണ്ട് .അവർ അയഥാർത്ഥമെന്നു മറ്റുള്ളവർ കരുതുന്നതിൽ നിന്ന് ജീവജലം തേടുന്നു. ഓർമ്മ മനുഷ്യൻ്റെ സമരമാർഗ്ഗമാണ് .മറവിരോഗം ബാധിച്ചാലും ഈ സമരം അവസാനിക്കുകയില്ല .പുതിയ തുറന്നുകൾ തേടി അടഞ്ഞ വാതിലുകൾ മുട്ടിത്തുറക്കാൻ വിധിക്കപ്പെടുകയാണ് .ഓർമ്മ എന്ന പ്രക്രിയ എത്ര വന്യമായാലും ,എത്ര അബദ്ധസഞ്ചാരിണിയായാലും മനുഷ്യൻ്റെ നിലനിൽപ്പിനു ആവശ്യമാണ് .ഒരു മറവിരോഗി സ്വമേധയാ സഞ്ചരിക്കുകയാണ് ഓർമ്മയുടെ ക്ഷീരപഥങ്ങളിൽ ,മറ്റൊരു കൂടിക്കാഴ്ചയെക്കുറിച്ച് പ്രതീക്ഷയില്ലാതെ .

സമൂഹത്തിന്റെ ആരോഗ്യകരമായ ഓർമ്മകളിൽ നിന്ന് വേർപെടുത്തപ്പെട്ടാലും മനുഷ്യൻ ഓർമ്മകൾ സ്വയം സൃഷ്ടിച്ച് സഞ്ചരിക്കുകയാണ് .'ഞാൻ ചിന്തിക്കുന്നു ,അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു'എന്ന് സാർത്ര് പറഞ്ഞു .ഞാൻ അനുഭവിക്കുന്നു, അതുകൊണ്ട് ഞാൻ നിലനിൽക്കുന്നു' എന്നു മിലാൻ കുന്ദേര പറഞ്ഞു. വാസ്തവത്തിൽ ,ചിന്തയ്ക്ക് താളം തെറ്റും, വികാരമെന്നത് തെറ്റായി മനസ്സിലാക്കപ്പെടും. വേദനിക്കുന്നതിന്റെ അർത്ഥം ഒരു മറവിരോഗി അറിയണമെന്നില്ല .അതുകൊണ്ട് ബോധമുണ്ടായിരിക്കുകയും അബോധപ്രേരണയിൽ എന്നപോലെ ചില ആവേഗങ്ങളോടു  പ്രതികരിക്കുകയും ചെയ്യുമ്പോഴും മനുഷ്യൻ ജീവിക്കുകയാണ്.

രജതരേഖകൾ 

1)മലയാളകഥയിൽ താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കാരൂരിന്റെ കഥകളാണെന്നു എം.ടി.വാസുദേവൻ നായർ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ എന്തുകൊണ്ടോ കാരൂരിനെ  മലയാള മാധ്യമലോകം തഴഞ്ഞിരിക്കയാണ്. കാരൂർ കഥകളെ  ആഘോഷിക്കാൻ ഒരു സാഹിത്യസംഘത്തെയും കാണാനില്ല.   എന്താ ,കേരളത്തിലെ ഏറ്റവും വലിയ സെമിനാർ കാരൂരിൻ്റ കഥകളെക്കുറിച്ചായിക്കൂടെ ?

2)പി.എ.നാസിമുദ്ദീൻ്റെ കവിതകളെക്കാൾ നല്ലത് ബഷീറിനെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഉന്മാദിയായ ബഷീർ: ലോകസ്നേഹത്തിന്റെ ആനന്ദലഹരി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 6 -12)എന്ന ലേഖനമാണ്.വൈരൂപ്യത്തെയും സൗന്ദര്യത്തെയും ഒരുമിച്ച് ഇണക്കുന്ന അത്ഭുതസിദ്ധി ബഷീറിൽ കാണാമെന്നു ലേഖകൻ ഉദാഹരണസഹിതം സ്ഥാപിക്കുന്നു.

2)സച്ചു തോമസ് എഴുതിയ 'കണക്ക് ക്ലാസിൽ തോമസ് ഹാർഡി'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 6-17)നല്ല പോലെ ബോറടിപ്പിച്ചു. കവി കവിത എന്ന മാധ്യമത്തെ വല്ലാതെ അപകീർത്തിപ്പെടുത്തുകയാണ് . ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയചർച്ചയുടെ ഭാഷ കവിതയ്ക്ക് അപമാനമായിത്തീരുമെന്നു മനസിലാക്കുക.

3)ചങ്ങമ്പുഴയ്ക്കും ഇടപ്പള്ളിക്കും നേരിടേണ്ടി വന്ന എതിർപ്പിനെക്കുറിച്ച് (ചങ്ങമ്പുഴ ആത്മാർത്ഥതയുടെ വെല്ലുവിളി)എന്ന ലേഖനത്തിൽ മുണ്ടശ്ശേരി എഴുതുന്നുണ്ട്. 'പൊതുവേ, അന്നുവരെ വാഴ്ച നടത്തിയിരുന്ന ന്യൂനപക്ഷഭാവനാസമ്പ്രദായങ്ങൾക്ക് എതിരെ നിന്നാണ് അവ കരുത്തിട്ടത്. ഈ സവിശേഷതയാണ് ആ കവിതകളിലെ സർവപ്രധാനമായ  അംശം ;എന്നുവച്ചാൽ എതിർപ്പുകളെ ക്ഷണിച്ചു വരുത്തിയ അംശം ,അവർ മേൽവിലാസമുള്ള കവികളായ നിമിഷം തൊട്ട് അവരുടെ ജീവിതത്തിൻ്റെ ഏതിളുമ്പിലും വിഷം കലർത്തക്കവണ്ണം തുളച്ചുകയറിക്കൊണ്ടിരുന്നു.'

4)കന്നഡ കവി ജി.എസ്. ശിവരുദ്രപ്പയുടെ കവിതകൾ നടരാജൻ ബോണക്കാട് (പച്ചമലയാളം, ജൂലായ് ) പരിഭാഷപ്പെടുത്തിയിരിക്കുന്നു. 'തിരിച്ചുവരവ് 'എന്ന കവിത ഇങ്ങനെ തുടങ്ങുന്നു '

'ഞാൻ തിരിച്ചു വരുമ്പോൾ 
ആരും എന്നെ അറിയുകയില്ല .
ഞാൻ തിരിച്ചു വന്നേക്കും
നിങ്ങളുടെ ഉദ്യാനത്തിലെ 
വേപ്പിൽ പാർക്കുന്ന
ഒരു പക്ഷിയെ പോലെ .
നിങ്ങളുടെ വരാന്തയിലെ 
ഫാനിനു മുകളിൽ 
ഞാൻ ഉണ്ടാക്കിയിരിക്കും, ഒരു കൂട്.
നിങ്ങളെന്നെ ആട്ടിയോടിക്കും.
അല്ലെങ്കിൽ ഒരു ചാറ്റൽമഴക്ക് ശേഷം
നിങ്ങളുടെ വീടിനു ചുറ്റും വിരിക്കപ്പെട്ട
പച്ച പോലെ ഞാൻ തിരിച്ചുവരും. നിങ്ങൾക്ക് സമാശ്വാസം അനുഭവപ്പെടും 
തെല്ല് ആഹ്ളാദവും 
ഞാനവിടെ ചിതറിക്കിടക്കുന്നതറിയാതെ .'

അന്യവത്ക്കരിക്കപ്പെട്ട ആത്മാവിൻ്റെ  ഏറ്റുപറച്ചിലാണിത്. ഒരു തിരിച്ചുവരവിനു എപ്പോഴും സാധ്യതയുണ്ട് ,നാം അകന്നുപോയ  ഇടങ്ങളിലേക്ക്.

5)പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ തിക്കോടിയൻ ഒരു ഘട്ടത്തിൽ കടുത്ത ആത്മനിന്ദ അനുഭവിച്ചിരുന്നു എന്നു അനുമാനിക്കേണ്ടി വരും .തന്നെപ്പോലെയുള്ളവരെ സാംസ്കാരികനായകരായി കാണുന്നവരുടെ ഗതികേട് ഓർത്ത് ദുഃഖിക്കുകയാണെന്നു അദ്ദേഹം പ്രസംഗിച്ചു. സാംസ്കാരിക പ്രവർത്തകർക്ക് ഈ ലോകത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അദ്ദേഹം വിവരിച്ചത് .

6)ഒ.വി.വിജയന്റെ 'ധർമ്മപുരാണ'ത്തിലെ രാഷ്ട്രീയവിമർശനവും അസുഖകരമായ പരാമർശങ്ങളും  വളരെ വിവാദമായതാണല്ലോ. ഇതിൽ സദാചാരധ്വംസനമുണ്ടെന്നു കെ.പി.അപ്പൻ  ചൂണ്ടിക്കാണിക്കുന്നുണ്ട് .എന്നാൽ ഈ നോവൽ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുമെന്നും ഇതിനു മറുപടി പറയുന്നതുവരെ രാഷ്ട്രീയത്തിൽ നമുക്ക് ബുദ്ധിപരമായ ജീവിതമില്ലെന്നുമാണ് അപ്പൻ എഴുതിയത് .രാഷ്ട്രീയപാർട്ടികളെ ഉപജീവിച്ചു കഴിയുന്ന എത്രയോ സംഘടനകളും എഴുത്തുകാരും മലയാളത്തിലുണ്ട് !.എന്നിട്ടും അവർ ഇതിനു മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട് കേരളത്തിലെ എഴുത്തുകാരുടെ രാഷ്ട്രീയത്തിൽ ബുദ്ധിപരമായ ജീവിതമില്ല എന്ന വസ്തുതയ്ക്ക് ഇത് അടിവരയിടുന്നു.

7)ആത്മകഥാപരമായ അനുഭവത്തോടെ ഫ്രഞ്ച് സ്ത്രീപക്ഷവാദിയും  എഴുത്തുകാരിയുമായ സിമോങ് ദേ ബുവേ എഴുതി:'പുരുഷൻ ഒരു മനുഷ്യജീവിയാണെന്നു  നിർവചിക്കപ്പെട്ടിരിക്കുന്നു ;എന്നാൽ  ഒരു സ്ത്രീ ഒരു പെണ്ണ് (പെൺലിംഗം)മാത്രമാണ്.എപ്പോഴെങ്കിലും അവൾ ഒരു മനുഷ്യജീവിയായി പെരുമാറുകയാണെങ്കിൽ ,പുരുഷനെ അനുകരിക്കുകയാണെന്നു കുറ്റപ്പെടുത്തും .


കലാശാലകളിലെ സാഹിത്യചർച്ച/എം.കെ.ഹരികുമാർ

 

അക്ഷരജാലകം 



യൂണിവേഴ്സിറ്റികളിലെ  സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ  സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു

കലാശാലകളിലെ സാഹിത്യം  പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ  ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു. 
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.

സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി 

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില  സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.

ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്.  താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ  ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു  നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി  ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്.  അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്.  ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്. 

ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല 

കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ  ചെയ്യുകയാണ്.

കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന്  പിഴുത് മാറ്റുന്ന പ്രക്രിയയാണ്  അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്. 

ഇതെല്ലാം അദ്ദേഹത്തിൻ്റേതായ  അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ  അതിജീവനമാണത്. അങ്ങനെയാണ്  സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ  കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന  നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി  കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.

എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത് 

അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.  

പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്.  പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ  കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.

നമ്മുടെ കാലത്ത് കലാശാലകളിൽ  എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല  പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്. 

പ്രചാരണത്തിനു പോകുന്നവർ 

എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത്  സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.

സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു  പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി.  ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി  അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം  മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്.  സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്. 

എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ  തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.

രജതരേഖകൾ 

1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ  സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി  തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ  ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ  പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .

2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്. 

3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.

'അഴിഞ്ഞുപോയ 
സീബ്രാവരകൾ 
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ 
കൂട്ടിയിടിച്ചവർ 
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട 
തർക്കങ്ങൾ.'

4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ  രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ  വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി  ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .

5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി. 

'മിക്സി പോലുള്ള 
അധികാരയന്ത്രങ്ങളിൽ 
അരഞ്ഞുകൊണ്ടിരിക്കണം. 
വേവിൻ്റെ നൊമ്പരങ്ങളിൽ 
തിളച്ചു മറിയണം.
മുളകു ചിന്തകൾ 
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ 
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ 
ഫ്രിഡ്ജിൽ മനമൊന്നു 
തണുപ്പിക്കണം.'

എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ് 
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി . 

6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'


കരമസോവ് സഹോദരന്മാർ @ 65 /എം.കെ.ഹരികുമാർ

 

അക്ഷരജാലകം 



ഈ ലോകത്തിലെ ഏറ്റവും വലിയ നോവലകളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന 'ബ്രദേഴ്സ് കരമസോവ്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ട് അറുപത്തിയഞ്ച്  വർഷം പിന്നിട്ടിരിക്കുന്നു.മലയാളവായനക്കാരെ ഏറ്റവുമധികം സ്വാധീനിച്ച കൃതിയാണിത്. 1960 ജൂണിലാണ് എൻ.കെ.ദാമോദരൻ്റെ പരിഭാഷയിൽ നോവൽ സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചത്. 1881 ലാണ് ദസ്തയെവ്സ്കി വിടവാങ്ങുന്നത്. രണ്ടുവർഷംകൊണ്ടെഴുതിയ ഈ നോവൽ 'റഷ്യൻ മെസഞ്ചർ' എന്ന മാസികയിൽ 1879 മുതൽ 1880 വരെ സീരിയലായി പ്രസിദ്ധീകരിക്കുകയായിരുന്നു.1881 ൽ പുസ്തകമായി .എന്നാൽ നോവൽ ദസ്തയെവ്സ്കിക്ക് മുഴുമിപ്പിക്കാനായില്ല .1881 ഫെബ്രുവരി ഒൻപതാം തീയതി അദ്ദേഹത്തിനു എഴുതാൻ കഴിയാത്ത വിധം അസ്വാസ്ഥ്യമുണ്ടായി. അപ്പോൾ 59 വയസായിരുന്നു. 

അദ്ദേഹം മോസ്കോയിലാണ് ജനിച്ചത്. പിതാവ് ഒരു ഡോക്ടറായിരുന്നു. പതിനെട്ടു വയസാകുന്നതിനു മുമ്പേ ദസ്തയെവ്സ്കിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു .രണ്ടുതവണ വിവാഹം കഴിച്ച അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ  ഏഴുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു. രണ്ടാം ഭാര്യയാണ് അന്ന സ്നിറ്റ്കിന. അന്ന നേരത്തെ തന്നെ അദ്ദേഹത്തിന്റെ സഹായിയായിരുന്നു. സാമ്പത്തിക ബാധ്യതയിൽപ്പെട്ട അദ്ദേഹം പ്രസാധകരിൽ നിന്നും മുൻകൂറായി പണം വാങ്ങിയിരുന്നു.തുക  മടക്കികൊടുക്കാൻ വേണ്ടി കഠിനമായി അധ്വാനിച്ചാണ് നോവലുകൾ  എഴുതിക്കൊണ്ടിരുന്നത്. 

59 വയസ്സിനുള്ളിൽ ഇത്രയധികം ഗഹനമായ ആശയധാരകളുടെ കെട്ടഴിച്ച, ചിന്താപരമായ മാനങ്ങളുമുള്ള, മാനസികഘടന അനാവരണം ചെയ്ത കൃതികൾ എഴുതിയ വേറൊരാളില്ല .ഇരുപത്തിമൂന്നു വയസിൽ സാഹിത്യരംഗത്ത് എത്തിയ അദ്ദേഹം പതിനാറ് നോവലുകൾ എഴുതി. ഒടുവിലത്തേതാണ് 'കരമസോവ് സഹോദരന്മാർ'.1843 ൽ മിലിറ്ററി സ്കൂളിൽ ജോലി നേടിയ അദ്ദേഹത്തിനു അത് തുടർന്നുകൊണ്ടു പോകാനായില്ല. ചൂതുകളിച്ചും ധൂർത്തടിച്ചും എല്ലാം തുലച്ചു. പട്ടിണി കിടക്കേണ്ടി വന്നു.

കടം വീട്ടാൻ വേണ്ടി എഴുതി 

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തായിരുന്നു ഗോഗോൾ .ഗോഗോളിൻ്റെ ചില കഥകൾ മനപ്പാഠമായിരുന്നു. കടം തീർക്കാനുള്ള വ്യഗ്രതയിൽ സാഹിത്യരചനയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു .സാഹസികമായ തീരുമാനമായിരുന്നു. കടം കയറിയ ദസ്തയെവ്സ്കിക്ക് മറ്റെല്ലാം മാറ്റിവെച്ച് എഴുതേണ്ടി വന്നു. വലിയൊരു സമ്മർദ്ദത്തിനു നടുവിൽ കഴിഞ്ഞതുകൊണ്ടാണ് ഇഡിയറ്റ് ,കരമസോവ് സഹോദരന്മാർ എന്നീ ദീർഘമായ കൃതികൾ എഴുതിയത് .ഒരു ബൃഹത് നോവൽ എഴുതിയാൽ സാമ്പത്തികമായി രക്ഷപ്പെടാമെന്ന ചിന്ത സ്വാധീനിച്ചിരിക്കണം. ജീവിക്കാനുള്ള ഓട്ടത്തിൽ അദ്ദേഹം ഭ്രാന്തമായി ചിന്തിച്ചു .എല്ലാ വ്യവസ്ഥകൾക്കും കുറുകെ സഞ്ചരിച്ചു. മനുഷ്യമനസ്സിൽ മറവ് ചെയ്യപ്പെട്ട അജ്ഞാത ത്വരകളെ വീണ്ടെടുക്കാനായി മാമൂലുകൾക്ക് വെളിയിലേക്ക് കടന്നു .മനുഷ്യനെക്കുറിച്ച് അപരിചിതമായ ചില പാഠങ്ങൾ രചിച്ചു. ജീവിതം എത്ര  മനോഹരമാണെന്നു പറയുന്ന കവികൾക്ക് ബദലായി അതിനുള്ളിലെ നരകത്തെ ചൂണ്ടിക്കാണിച്ചു. ഒന്നിലും നിലയുറപ്പിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു തെമ്മാടിയാണ് മനുഷ്യനെന്നു അദ്ദേഹം കണ്ടുപിടിച്ചുകൊണ്ടിരുന്നു. മനുഷ്യൻ ഏതു വികാരത്തെ ഗാഢമായി ആശ്ളേഷിച്ചാലും അതെല്ലാം അസംബന്ധത്തിലും യുക്തിരാഹിത്യത്തിലുമാണ് അവസാനിക്കുന്നത് .മനുഷ്യനു ക്ലിപ്തമായ ഒരു ഉത്തരം ഒന്നിനുമില്ല. അവൻ സ്വയം അജ്ഞാതനായിരിക്കുന്നു. അതാണ് അവൻ്റെ പ്രതിലോമ വശം. അവൻ എല്ലാത്തിനെയും എതിർക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ വേണ്ടിയാണ് ശബ്ദിക്കുന്നത്. അവൻ ആരെയും സ്നേഹിക്കുന്നില്ല. സ്നേഹിക്കുമ്പോൾ തന്നെ വെറുക്കുകയും ചെയ്യുന്നു .

പീറ്റേഴ്‌സ് ഗ്രൂപ്പിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിൽ അംഗമായതിൻ്റെ പേരിൽ ദസ്തയെവ്സ്കിയെ വിപ്ലവകാരി എന്നു കണ്ട് പോലീസ് പിടിച്ചുകൊണ്ടുപോയി, കോടതിയിൽ വിചാരണ ചെയ്തു, വെടിവെച്ചു കൊല്ലാൻ വിധിക്കുകയായിരുന്നു.വെടിവയ്ക്കാൻ നിരത്തി നിർത്തിയിരുന്ന വിപ്ലവകാരികളെ കൊല്ലുന്നില്ല , നാടുകടത്തുക മാത്രമാണ് ചെയ്യുന്നതെന്ന സന്ദേശം അവസാന നിമിഷം എത്തിയതോടെയാണ് രക്ഷപ്പെട്ടത്. ഒരർത്ഥത്തിൽ പിൽക്കാലജീവിതം  ബോണസായിരുന്നു.യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കാം. നേരത്തെ വധിക്കപ്പെടാനുള്ള എല്ലാ 'യോഗ്യത'യും ഉണ്ടായിരുന്നിട്ടും അതിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ട് പിന്നീടുള്ള ജീവിതത്തിനു ഒരു അയവു വന്നു. സൈബീരിയയിലെ ജയിലിൽ നിന്ന് മോചിതനായ ശേഷം പ്രേമവും വിവാഹവുമെക്കെയായി കുറേക്കാലം കടന്നുപോയി.അക്കാലത്ത് കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു .പിന്നീട് സഹോദരൻ നടത്തിക്കൊണ്ടിരുന്ന 'ടൈം' മാസികയുടെ ചുമതലയേറ്റു. അക്കാലത്താണ് 'ദ് ഹൗസ് ഓഫ് ദ്  ഡെഡ്' എഴുതിയത്. തുടർന്ന് 'ദ് ഇൻസൾട്ടഡ് ആൻഡ് ദ് ഇൻഞ്ചുവേർഡ്' എഴുതി. 

എന്നാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഏറി വന്നു. സഹോദരൻ മരിച്ചതോടെ  സഹോദരന്റെ ഭാര്യയെ മക്കളെയും കൂടി നോക്കേണ്ടി വന്നു. അങ്ങനെയാണ് പ്രസാധകൻ്റെ  അഡ്വാൻസ് വാങ്ങി ജീവിക്കേണ്ടിവന്നത് .ഇത് ജീവിതത്തിലെ സ്വാതന്ത്ര്യം നശിപ്പിച്ചു. പക്ഷേ സർഗാത്മതയ്ക്ക് വിളയാടാനുള്ള അവസരമായി.'ബ്രദേഴ്സ് കരമസോവ്' എന്ന രചനയാണ് ദസ്തയെവ്സ്കിയെ ഏറ്റവും പ്രസിദ്ധനാക്കിയത്. ഒരു സാഹിത്യകാരൻ എന്നതിനപ്പുറത്തേക്ക് അത് അദ്ദേഹത്തെക്കൊണ്ടെത്തിച്ചു. എൻ.കെ. ദാമോദരൻ  പരിഭാഷപ്പെടുത്തിയ 'കരമസോവ്  സഹോദരന്മാർ'ക്ക് ഇടയാറന്മുള കെ.എം.വർഗീസ് എഴുതിയ അവതാരികയിൽ ഇങ്ങനെ വായിക്കാം: 'റഷ്യയിലെ സാംസ്കാരിക സംഘടനകളുടെ ആദ്യത്തെ കമ്മിസാർ ആയിരുന്ന ലൂനാ ഷാർസ്കി 1920 ൽ  ഇങ്ങനെ എഴുതി: റഷ്യ അവളുടെ കണ്ടകാവ്യാകീർണ്ണവും, എന്നാൽ മഹിമാപൂർണവുമായ മാർഗത്തിലൂടെ  മുന്നേറുകയാണ് .പിന്നിൽ അവളുടെ ഉത്കൃഷ്ട പ്രവാചകന്മാർ എല്ലാവരുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും അത്ഭുതപ്രവാചകനായി, സമുജ്ജലനായി നിലകൊള്ളുന്നത് ഫയദോർ ദസ്തയെവ്സ്കിയാണ്.'ഇരുപതാം നൂറ്റാണ്ടിന്റെ പ്രവാചകൻ കാൾ മാർക്സല്ല, ദസ്തയെവ്സ്കിയാണെന്നു അൽബേർ കമ്യു പറഞ്ഞത് ഇതിനോടു  ചേർത്തുവച്ചു കാണണം. 

യാതനകളിൽ ജീവിക്കുമ്പോൾ 

യാതനകളും വേദനകളും ജീവിക്കാനുള്ളതാണെന്ന വിചിത്രമായ ഒരു മാർഗ്ഗമാണ് ദസ്തയെവ്സ്കിയുടേത്. അദ്ദേഹം ആഴമുള്ള ദുഃഖത്തിൽ നിന്ന് ജീവിതത്തിന്റെ ഏറ്റവും ശുദ്ധമായ ഭാവത്തെ തേടുകയാണ് ചെയ്തത്. ഒരു കുറ്റവാളിയുടെ മാനസികാവസ്ഥയെ സ്കാൻ ചെയ്യാൻ അദ്ദേഹം എപ്പോഴും താല്പര്യപ്പെട്ടു .പലപ്പോഴും അദ്ദേഹം സ്വന്തം മനസ്സിനെ തന്നെ  അവിശ്വസിച്ചു.താൻ ഒരു അപരാധിയും വഞ്ചകനുമാണെന്നു അഭിദർശിച്ചു. ഒരു മനുഷ്യനിലും സത്യസന്ധനായ ക്രിസ്തു ജീവിക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം മനുഷ്യമോചനത്തിനുവേണ്ടി കുരിശിലേറാത്ത ഒരു മിശിഹായെ അന്വേഷിച്ചുകൊണ്ടിരുന്നു.

ദസ്തയെവ്സ്കിയിൽ ഒരു കുറ്റവാളി ഉണ്ടായിരുന്നുവെന്നു  മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് എഴുതിയിട്ടുണ്ട്. കരമസോവ് കുടുംബമാണ് ഈ നോവലിൽ നിറയുന്നത് .ദിമിത്രി, ഇവാൻ ,അല്യോഷ എന്നീ സഹോദരന്മാർ മനുഷ്യാവസ്ഥയുടെ മൂന്നു ധാരകളെ പ്രതിനിധീകരിക്കുന്നു.ഇവരും പിതാവ് ഫയദോർ പാവ്ലോവിച്ചുമായുള്ള ബന്ധം  നോവലിൻ്റെ കേന്ദ്ര ബിന്ദുവാണ്. പിതാവ് കൊല്ലപ്പെടുന്നു. ദിമിത്രി സംശയിക്കപ്പെടുന്നു. യഥാർത്ഥ കൊലയാളി, പിതാവിന്റെ സേവകനും അവിഹിതസന്തതിയുമായ സ്മെർദ്യയോകോവാണ് .പിതാവ് പാവ്ലോവിച്ചിനു ഗ്രൂഷെങ്ക എന്ന സ്ത്രീയോട് കമ്പമുണ്ട്. എന്നാൽ അയാളുടെ മകൻ ദിമിത്രിയും അവളെ  കാമിക്കുന്നു. പിതാവ് കൊല്ലപ്പെടുമ്പോൾ ദിമിത്രി സംശയത്തിൻ്റെ നിഴലിലാകുന്നത് ഇങ്ങനെയാണ്.

ലോകാത്ഭുതമായ 'ബ്രദേഴ്സ് കരമസോവ്' മലയാളത്തിലേക്ക്  പരിഭാഷപ്പെടുത്തിയ എൻ.കെ. ദാമോദരൻ മറ്റൊരു വീരചരിതമാണ് രചിച്ചത് .ആയിരത്തിലേറെ പേജുള്ള ഈ സങ്കീർണ നോവൽ, പരിഭാഷയ്ക്കപ്പുറം ഒരു മൗലികകൃതിയുടെ എല്ലാവിധത്തിലുള്ള രുചിമുകുളങ്ങളും ഒപ്പിയെടുക്കുകയാണ്. മനുഷ്യമനസ്സിലേക്ക് നിർബാധം  പതിക്കുക എന്നത് ദസ്തയെവ്സ്കിയുടെ  അനിവാര്യമായി വീഴ്ചയായിരുന്നു. പാതാളം തീർച്ചയായുമുണ്ട് .അത് മനുഷ്യമനസിന്റെ അന്തർലോകമാണ് . അവിടേക്ക് നാം നേരിട്ട് പോകേണ്ടതില്ല. നാം ഭാഗികമായി അവിടെയാണ്. മനുഷ്യാസ്തിത്വത്തിന്റെ ഒരു ഭാഗം അവിടെയാണ്. അവിടെ നാം ബലഹീനരോ ദുരന്തകഥാപാത്രങ്ങളോ ആയിത്തീരുന്നു. അതുകൊണ്ടുതന്നെ ദുഷിതമായി നാം നിഷ്കളങ്കമാണ്. ഒരു കുട്ടിയുടെ നിഷ്കളങ്കതയുടെ അനിവാര്യമായ തെറ്റുകൾ മാനവരാശിക്കാകെയുണ്ട്. നമ്മുടെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കസർത്ത് ഒരുവശത്തും അതിലേക്ക് ആഴ്ന്നിറങ്ങാനുള്ള വെമ്പൽ മറുവശത്തുമുണ്ട് .ഇത് രണ്ടും തമ്മിലുള്ള സംഘർഷത്തിലാണ് മനുഷ്യൻ.

ഉള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവൻ 

അവൻ എങ്ങനെയാണ് ഈ സാഹചര്യത്തിൽ ഒരു യുക്തിജീവിയായിക്കുന്നത് ? അവൻ്റെ യുക്തി അവനെ ചതിക്കുന്നതാകാം.
ദസ്തയെവ്സ്കി എഴുതി: 'എല്ലാറ്റിനുമുപരി നിങ്ങളോട് കള്ളം പറയരുത്. അവനവനോട് കള്ളം പറയുന്നവനു ,സ്വന്തം നുണ മാത്രം കേൾക്കുന്നവനു തന്നിലുള്ളതോ  ചുറ്റിനുമുള്ളതോ ആയ സത്യത്തെ വേർതിരിച്ചെടുക്കാൻ കഴിയാതാവുകയും, മറ്റുള്ളവരോടോ തന്നോടോ ഒരു ബഹുമാനവും തോന്നാതാവുകയും ചെയ്യുന്ന ഒരവസ്ഥയിലെത്തിച്ചേരും. അങ്ങനെ എല്ലാവിധ ആദരവും ഇല്ലാതാകുന്നതോടെ അവനിൽ സ്നേഹം എന്നെന്നേക്കുമായി അപ്രത്യക്ഷമാകും." ഇത്രയും കൃത്യമായി ,മനോവിശകലനത്തിൻ്റെ സൂക്ഷ്മതയിൽ, സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നത്തെ ദസ്തയെവ്സ്കി പത്തൊൻപതാം നൂറ്റാണ്ടിലാണ് അപഗ്രഥിച്ചത്. മനുഷ്യവിചാരങ്ങളുടെ അന്തർഘടനകൾ അഴിച്ചുനോക്കി ശൂന്യത കണ്ട സാഹിത്യകാരനാണ് അദ്ദേഹം .എവിടെയാണ് ദൈവം എന്ന ചോദ്യത്തിന് മുഴക്കം കിട്ടുന്നത് ഇവിടെയാണ്.

എൻ.കെ ദാമോദരൻ്റെ പരിഭാഷയുടെ  ഗുണം അതിൽ ദസ്തയെവ്സ്കിയുടെ മനസ് സ്പന്ദിക്കുന്നു എന്നതാണ്.  തെറ്റിനും ശരിക്കുമിടയിൽ, ചോദ്യോത്തരങ്ങളും ആത്മവിശകലനങ്ങളും വിശ്വാസവും ആത്മനിന്ദയുമായി നടക്കുന്ന ഒരാളെ  ദാമോദരൻ തന്റെ ഭാഷയിൽ സന്നിഹിതമാക്കിയിരിക്കുകയാണ്. പരിഭാഷയുടെ മാജിക്കാണിത്. ഒരു സാധാരണ മനുഷ്യന്റെയുള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവനുണ്ടെന്ന വിചിത്രമായ അനുഭവമാണ് ദസ്തയെവ്സ്കിയുടെ കൃതികളിലുള്ളത് .ഇവിടെ നോവൽ വെറുമൊരു കഥ പറയാനുള്ളതല്ല .പിതാവ് കൊല്ലപ്പെടുന്നു, മകനെ സംശയിക്കുന്നു. ഇതിനിടയിൽ രണ്ടുപേരും കാമിച്ച ഒരു സ്ത്രീയുടെ സാന്നിധ്യം എരിവു കൂട്ടുന്നു. ഒരു ക്രൈം ത്രില്ലറിനുള്ള വസ്തുക്കളാണിത്.  എന്നാൽ ഇത് ക്രൈം ത്രില്ലറല്ല. മാനവരാശിയുടെ എല്ലാകാലത്തെയും ജീവിതരഹസ്യം വെളിപ്പെടുത്തുകയാണ്.

മനുഷ്യനെ കണ്ടെത്താൻ വേണ്ടിയാണ്  അദ്ദേഹം ഒരു കഥ പറയുന്നത്. 'ആശയവിപ്ലവം' എന്ന അധ്യായത്തിൽ അയൽക്കാരനെ എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക എന്നു ഐവാൻ  ചോദിക്കുന്നുണ്ട് .അയൽക്കാരനെ സ്നേഹിക്കുക അസാധ്യമാണെന്നു അവൻ പറയുന്നു .അകലെയുള്ളവരെ സ്നേഹിക്കാം ,ഒരാൾ  അടുത്തുള്ളപ്പോൾ സ്നേഹമില്ലാതാകും എന്നിങ്ങനെ അവൻ വാദിക്കുന്നു. യഥാർത്ഥത്തിൽ രോഗപീഡിതനായ ഒരുവൻ്റെ സേവകനായി സ്വയം പ്രഖ്യാപിച്ചവൻ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ആത്മപീഡനവ്യഗ്രത കൊണ്ട് ചെയ്യുന്നതാണെന്നു ഐവാനു അഭിപ്രായമുണ്ട് .സ്നേഹം എന്ന പ്രക്രിയയിൽ സ്നേഹരാഹിത്യവും ആത്മപീഡനവും കാണുകയാണ്.ഐവാൻ തുടർന്നു പറയുന്ന ഭാഗം ദാമോദരൻ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു:'എൻ്റെ  ആലോചനകളിൽ മാനവരാശിയോട്  ക്രിസ്തുസദൃശമായ സ്നേഹം ഭൂമിയിൽ അസാധ്യമായ ഒരത്ഭുതമാണ് .ക്രിസ്തു ദൈവമായിരുന്നു .എന്നാൽ നാം ദൈവങ്ങളല്ലല്ലോ .ദൃഷ്ടാന്തത്തിന്, ഞാൻ കഠിനമായി ദുഃഖിക്കുന്നുവെന്നിരിക്കട്ടെ .എൻ്റെ ദുഃഖം എത്രയെന്നറിയാൻ ഒരു അന്യനു ഒരിക്കലും സാധിക്കില്ല. എന്തെന്നാൽ അയാൾ ഞാനല്ല .എന്നിൽ നിന്ന് വ്യതിരിക്തനാണ് .മാത്രമല്ല ,ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ദുഃഖത്തെ അംഗീകരിക്കാൻ അപൂർവ്വമായേ സന്നദ്ധനാകാറുള്ളു.(അതൊരു പ്രത്യേകംഗീകാരമെന്ന മട്ടിൽ).അത് എന്തുകൊണ്ടാണെന്നാണ്  നിൻ്റെ വിചാരം? എൻ്റെ ഗന്ധം അയാൾക്ക് പിടിക്കാത്തതുകൊണ്ട്, എനിക്ക് ഒരു മൂഢന്റെ മുഖഭാവമുള്ളതുകൊണ്ട്, ഒരിക്കൽ ഞാൻ അയാളുടെ കാലിൽ ചവിട്ടിയിട്ടുണ്ടെന്നുള്ളതുകൊണ്ട്. സാധാരണദുഃഖവും അസാധാരണദുഃഖവുമുണ്ട്. എന്നെ അസ്തഗർവ്വനാക്കുന്ന അപമാനകരവും ഹീനവുമായ ദുഃഖം (ഉദാ:വിശപ്പ്)എൻ്റെ ഉപകർത്താവ് ഒരുവേള സമ്മതിച്ചു തന്നേക്കാം. എന്നാൽ കുറെക്കൂടി ഉൽകൃഷ്ടമായ വ്യസനം ,ഉദാഹരണത്തിനു ഒരു ആശയത്തിനു വേണ്ടിയുള്ള വ്യസനം - അയാൾ വളരെ അപൂർവമായേ  സമ്മതിച്ചു തരൂ.ഒരു ആശയത്തിനു വേണ്ടി വ്യസനിക്കുന്ന മനുഷ്യനുണ്ടായിരിക്കുമെന്ന് അയാൾ സങ്കൽപ്പിക്കുന്ന ഒരു മുഖഭാവമല്ലായിരിക്കും എന്നിൽ ദർശിക്കുന്നത്. തന്നിമിത്തം ക്ഷണത്തിൽ അയാൾക്ക് എന്നോട് അപ്രീതിയുണ്ടാവുന്നു.'

ദസ്തയെവ്സ്കി ആത്മനിന്ദയിൽ അധ:പതിച്ചു സൗന്ദര്യം തേടുകയാണ് ചെയ്തത് .എന്നാൽ അജ്ഞാതമായ ഒരു തലം മനുഷ്യനുണ്ട്. അതിനെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'മനുഷ്യചേതനയെന്നത് ഇപ്പോഴും അജ്ഞാതമാണ് .ശാസ്ത്രത്തിനും അതപരിചിതമാണ്, നിർവ്വചനാതീതവും അത്ഭുതാവഹവുമാണ് .ആർക്കുമതേക്കുറിച്ച് ഒരു അന്തിമനിർണയു സാധ്യമല്ല.'

മനുഷ്യമനസ്സിൽ നിറയെ വൈരുദ്ധങ്ങളാണ്. നമ്മൾ ഒരാളെ സ്നേഹിച്ചതുകൊണ്ട് അതിനു പരിഹാരമാകില്ല. ചിലപ്പോൾ സ്നേഹത്തെ ഒരു കുറ്റകൃത്യമായി വിലയിരുത്തിയേക്കാം. സ്നേഹം ഒരാപേക്ഷിക വികാരമാണ്. അത് നിലനിൽക്കുന്നത് വിവിധ കാരണങ്ങളാൽ നാം പലതിനെയും  ഒഴിവാക്കുന്നതിന്റെ മറുപുറത്താണ്. 

രജതരേഖകൾ

1)റഫീക്ക് അഹമ്മദിൻ്റെ കാടകം (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഓഗസ്റ്റ് 10-16)സർവസാധാരണമായ ഒരു പരിസ്ഥിതി കവിതയാണ്. കവി പുതുതായി ഒന്നും പറയുന്നില്ല. കാടിനോടുള്ള ആദിമമായ അഭിനിവേശമാണ് .ഓണക്കാലത്ത് ഓണത്തെ പ്രകീർത്തിക്കുന്നതു പോലെ ആവർത്തന വിരസമാണ് ,ക്ളീഷേയാണിത് . വിഷ്ണുനാരായണൻ നമ്പൂതിരി , സുഗതകുമാരി തുടങ്ങിയവരുടെ  കവിതകളുടെ വിദൂരധ്വനി ഇതിൽ കേൾക്കാം:
പാലപൂക്കും മണത്തിൽ കടമ്പിൻ 
മാലതൂങ്ങും ശിഖരത്തിൽനിന്നും കാലുമാട്ടിയിരുന്നെൻ്റെ നേരെ
നോക്കുകാ,ദിമമാം കുറുമ്പോടെ 
ഹാ ,വനജ്യോത്സ്നയാലിരുട്ടിന്മേൽ ശീതളാനല സുസ്മേരയായി 
നീ മുടിക്കെട്ടഴിച്ചു നീരാടും
കാട്ടുപൂഞ്ചോലയെന്നന്തരംഗം.'

മുടിക്കെട്ടഴിച്ച് നീരാടൽ , കാട്ടുപൂഞ്ചോല, ഏഴിമല പൂഞ്ചോല തുടങ്ങിയവയൊക്കെ ക്ളീഷേയാണ്.  യാതൊരു വികാരവും ജനിപ്പിക്കാത്ത പ്രയോഗങ്ങൾ.

2)ഡോ.എം.ലീലാവതിയുടെ  'ധ്വനിപ്രയാണ'(ആത്മകഥ)ത്തെക്കുറിച്ച് ഡോ. പ്രിയ വർഗീസ് എഴുതിയ റിവ്യു 'ധ്വനിപ്രയാണത്തിലെ സ്ത്രീചരിത്രം'(സ്ത്രീശബ്ദം, ജൂലൈ) കേരള ചരിത്രഘട്ടവും സമുദായ പശ്ചാത്തലവും സാഹിത്യതാൽപര്യവും  ചർച്ചചെയ്യുന്നു .ലീലാവതി ടീച്ചറുടെ ജീവിത പുസ്തകം 'സാഹിത്യനിരൂപണത്തിൽ ഒരു പെണ്ണിൻ്റെ സാഹസസഞ്ചാരങ്ങൾ 'എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടീച്ചറുടെ വിമർശനജീവിതത്തെ ഒരു പെണ്ണിൻ്റെ സഞ്ചാരമായി  നിരീക്ഷിക്കുന്നതിനപ്പുറത്ത് പാണ്ഡിത്യവും സഹൃദയത്വവും ചേർന്ന ഒരു ജൈത്രയാത്രയായി കാണുന്നതാണ് നല്ലത്. ഒരു ജെൻഡർ പൊളിറ്റിക്സ്, ടീച്ചർക്ക് ഭാരമായിരിക്കും. പ്രിയയുടെ ലേഖനത്തിലെ ഈ  നിരീക്ഷണം ശ്രദ്ധേയമാണ് :'ഏത് എഴുത്തിനും ആശയവിനിമയം എന്നതിനപ്പുറം സ്വയം സ്വാന്തനം എന്നൊരു തലം കൂടിയുണ്ട്. എഴുത്തിന്റെ പ്രേരണകളിൽ പ്രധാനമാണത്. ശ്രദ്ധയോടെ സ്മരിക്കുന്നതും ഒരു തരത്തിൽ ശ്രാദ്ധമൂട്ടു തന്നെ എന്ന് സ്മൃതി പ്രയാണത്തിൻ്റെ തുടക്കത്തിൽ ലീലാവതി ടീച്ചർ എഴുതുന്നുണ്ട്.'

3)റഷ്യൻ ചലച്ചിത്രസംവിധായകനായ ആന്ദ്രേ താർക്കോവ്സ്കി തന്റെ ' സ്കൾപ്റ്റിംഗ് ഇൻ ടൈം' എന്ന ആത്മകഥയിൽ എഴുതിയത് ഇങ്ങനെ: 'ഇന്നത്തെ ബഹുജനസംസ്കാരം  'ഉപഭോക്താവി'നെയാണ് ലക്ഷ്യം വയ്ക്കുന്നത് .കൃത്രിമത്വത്തിന്റെ സംസ്കാരമാണത്. ഇത് മനുഷ്യൻ്റെ ആത്മാവിനെ മുരടിപ്പിക്കുന്നു. അവനും അവൻ്റെ അസ്തിത്വത്തിൻ്റെ നിർണായകമായ പ്രശ്നങ്ങൾക്കുമിടയിൽ വിടവുണ്ടാക്കുന്നു. ആത്മീയജീവിയായ മനുഷ്യനിൽ നിന്ന് അവനെ തന്നെ  അകറ്റുകയാണ്.'


4)സത്യജിത് റായിയോ അടൂർ ഗോപാലകൃഷ്ണനോ ക്രൂരമായി വിമർശിക്കപ്പെട്ടേക്കാം .ഫേസ്ബുക്ക് സംസ്കാരത്തിന്റെ സ്വഭാവമാണിത്.  റായിയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്തവർക്ക് അദ്ദേഹത്തിൻ്റെ  പടങ്ങളെ അധിക്ഷേപിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല .അതിനു നല്ല പിന്തുണ കിട്ടും. അതാണ് പുത്തൻ ഫേസ്ബുക്ക് ജനാധിപത്യം .സോഷ്യൽ മീഡിയയിലെ ഇടം ഏതൊരാൾക്കും എന്തും വിളിച്ചു പറയാനുള്ളതാണ്. നൃത്തം പഠിക്കാത്തവർക്ക് പത്മാ സുബ്രഹ്മണ്യം നൃത്തം ചെയ്യുന്നത്  ശരിയല്ലെന്നു പറയാം .അതിനു പിന്തുണ കിട്ടും .ഇത് ആശയാനന്തര  കാലമാണ്. ഇവിടെ ആശയങ്ങളില്ല . ഇവിടെ ചരിത്രം എരിഞ്ഞുതീരുകയാണ് .മറവി മൂർച്ചയുള്ള ഒരു ആയുധമാണ് .അതുപയോഗിച്ച് ഏത് ഷേക്സ്പിയറിനെയും വീഴ്ത്താം.

5)ടെലിവിഷൻ ചാനലുകളിലെ ചർച്ചയും അവതരണവും വെച്ചുകൊണ്ട് നമുക്ക് ജീവിതത്തിൻ്റെ മുൻഗണനകൾ നിശ്ചയിക്കാനാവില്ല. ഒരു രാഷ്ട്രീയനേതാവ് ഹോട്ടലിൽ കയറി പ്രഭാതഭക്ഷണം കഴിക്കുന്നു. മുട്ടക്കറിയുടെ വിലയെക്കുറിച്ച് തർക്കമുണ്ടാകുന്നു .അത് വാർത്തയാവുകയാണ്!. ഒന്നോ രണ്ടോ ദിവസം പ്രൈം ടൈമിൽ ചാനലുകൾ  ചർച്ചചെയ്യുകയാണ്! മുട്ട എക്സ്പെർട്ടുകൾ വന്ന് അവരുടെ മുട്ട അനുഭവങ്ങൾ പറയുകയാണ്!. കാമ്പില്ലാത്ത വിഷയങ്ങളിൽ അനാവശ്യമായി ചർച്ചചെയ്ത് എന്തോ സൃഷ്ടിക്കാനാണ് ആധുനിക മാധ്യമങ്ങൾ ശ്രമിക്കുന്നത്.